ഓ ഭുംറ!, 'വിജയങ്ങളുടെ മാതാവിനെ' സ്വന്തമാക്കി ടീം ഇന്ത്യ

ആന്റിഗ്വ: ലോകടെസ്റ്റ് ചാമ്പ്യന്ഷിപ്പിന്റെ ഭാഗമായി നടക്കുന്ന ടെസ്റ്റ് പരമ്പരയുടെ ആദ്യ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് കൂറ്റന്‍ ജയം. 318 റണ്‍സിനാണ് ഇന്ത്യ വിന്‍ഡീസിനെ തകര്‍ത്തത്. 419 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ വെസ്റ്റിന്‍ഡീസിന്റെ പോരാട്ടവീര്യം കേവലം 100 റണ്‍സില്‍ അവസാനിച്ചു.

ജസ്പ്രിത് ഭുംറ അടക്കമുളള പേസര്‍മാര്‍ തീ തുപ്പിയപ്പോള്‍ വെസ്റ്റിന്‍ഡീസിന് കാര്യമായെന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഭുംറ എട്ട് ഓവറില്‍ കേവലം ഏഴ് റണ്‍സ് മാത്രം വഴങ്ങിയാണ് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. ഇഷാന്ത് മൂന്നും ഷമി രണ്ട് വിക്കറ്റുമായി വിന്‍ഡീസ് പതനം പൂര്‍ത്തിയാക്കി.

രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ വിന്‍ഡീസിനായി ചെയ്‌സും റോച്ചും കമ്മിന്‍സും മാത്രമാണ് രണ്ടക്കം കടന്നത്. ബ്രാത്ത്വെയ്റ്റ്(1) കാംപ്ബെല്‍ (7) ബ്രാവോ (2) ഹോപ് (2) ഹോള്‍ഡര്‍ (8) എന്നിവരെ ബുമ്രയും ബ്രൂക്ക്സ്(2) ഹെറ്റ്‌മെയര്‍ (1) റോച്ച്(38) എന്നിവരെ ഇശാന്തും ചെയിസ് (12) ഗബ്രിയേല്‍ (0) എന്നിവരെ ഷമിയും മടക്കി.

നേരത്തെ രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് 343 റണ്‍സ് എന്ന സ്‌കോറില്‍ ഡിക്ലയര്‍ ചെയ്താണ് 419 റണ്‍സിന്റെ വിജയലക്ഷ്യം മുന്നോട്ട് വെച്ചത്. രഹാനെ സെഞ്ചുറിയും(102) വിഹാരിയും(93), കോലിയും(51) അര്‍ദ്ധ സെഞ്ചുറിയും നേടി. വിന്‍ഡീസിനായി ചേസ് നാല് വിക്കറ്റ് വീഴ്ത്തി.

രണ്ടാം ഇന്നിംഗ്സില്‍ മൂന്ന് വിക്കറ്റിന് 185 റണ്‍സെന്ന നിലയില്‍ നാലാം ദിനമാരംഭിച്ച ഇന്ത്യക്ക് നായകന്‍ വിരാട് കോലിയെയാണ് ആദ്യം നഷ്ടമായത്. 113 പന്തില്‍ 51 റണ്‍സെടുത്ത കോലിയെ ചേസ്, കോംപ്ബെല്ലിന്റെ കൈകളിലെത്തിച്ചു. പത്താം ടെസ്റ്റ് സെഞ്ച്വറി നേടിയ രഹാനെയും അര്‍ദ്ധ സെഞ്ച്വറിയുമായി വിഹാരിയും ഇന്ത്യയെ കൂറ്റന്‍ ലീഡിലെത്തിക്കുകയായിരുന്നു. സെഞ്ച്വറിക്ക് പിന്നാലെ 102 -ല്‍ നില്‍ക്കേ രഹാനെയെ ഗബ്രിയേല്‍ പുറത്താക്കി. പിന്നാലെ വന്ന ഋഷഭ് പന്തിന് തിളങ്ങാനായില്ല (7).

സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന വിഹാരിയെ 93-ല്‍ വെച്ച് ഹോള്‍ഡര്‍ പുറത്താക്കിയതോടെ ഇന്ത്യ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. മായങ്ക് അഗര്‍വാള്‍ (16), കെ എല്‍ രാഹുല്‍ (38), ചേതേശ്വര്‍ പൂജാര (25) എന്നിവരുടെ വിക്കറ്റുകള്‍ മൂന്നാം ദിനം ഇന്ത്യക്ക് നഷ്ടമായിരുന്നു. മായങ്കിനേയും രാഹുലിനേയും റോസ്റ്റണ്‍ മടക്കിയയച്ചു. രാഹുലിന്റെ കുറ്റി തെറിച്ചപ്പോള്‍ മായങ്ക് വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. പൂജാരയെ കെമര്‍ റോച്ച് ബൗള്‍ഡാക്കി.