ബാറ്റിംഗ് തെരഞ്ഞെടുത്തതെന്തിന്?, കൈയ്യടിക്കട കോഹ്ലിയ്ക്ക്

ശ്രീലങ്കയ്‌ക്കെതിരെ ബാറ്റിംഗ് തെരഞ്ഞെടുക്കാനുളള കോഹ്ലിയുടെ തീരുമാനം ദക്ഷിണാഫ്രിക്കന്‍ പരമ്പര മുന്‍നിര്‍ത്തി. ഫിറോഷ് ലാ കോട്‌ലയിലെ പിച്ച് ആദ്യ സെഷനുകളില്‍ ഫാസ്റ്റ് ബൗളര്‍മാരെ തുണയ്ക്കും എന്ന് ഉറപ്പുണ്ടായിട്ടും ടോസ് നേടിയ കോഹ്ലി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

ഇക്കാര്യത്തെ കുറിച്ച് കോഹ്ലിയോട് ചോദിച്ചപ്പോഴാണ് ദക്ഷിണാഫ്രിക്കന്‍ പര്യടനം മുന്‍ നിര്‍ത്തിയാണ് ഈ പരീക്ഷണത്തിന് മുതിര്‍ന്നതെന്ന് ഇന്ത്യന്‍ നായകന്‍ വ്യക്തമാക്കിയത്.

“പിച്ചില്‍ ബൗളര്‍മാര്‍ക്ക് സഹായകമായ ഘടകങ്ങളുണ്ട്. നമ്മുടെ ബാറ്റ്സ്മാന്മാര്‍ക്ക് ഇത് വലിയ പരീക്ഷണമായിരിക്കും. എന്നാല്‍ മുന്നിലുള്ളത് ദക്ഷിണാഫ്രിക്കന്‍ പര്യടനമാണ്. അവിടെ നമ്മുക്ക് നേരിടാനുള്ളത് ഇത്തരം സാഹചര്യങ്ങളും. അതുകൊണ്ട് തന്നെ ഒരു പരീക്ഷയായി ഇതിനെ കണക്കാക്കാം” കോഹ്ലി പറഞ്ഞു.

അതെസമയം ശ്രീലങ്കന്‍ നായകന്‍ ദിനേഷ് ചണ്ഡീമലും ടോസ് ലഭിച്ചാല്‍ ബാറ്റിംഗായിരിക്കും തെരഞ്ഞെടുക്കുക എന്ന് വ്യക്തമാക്കി.

രണ്ട് മാറ്റങ്ങളോടെയാണ് ടീം ഇന്ത്യ ശ്രീലങ്കയെ നേരിടുന്നത്. കെഎല്‍ രാഹുലിന് പകരം ശിഖര്‍ ധവാന്‍ ഓപ്പണിംഗ് സ്ഥാനത്ത് തിരിച്ചെത്തിയപ്പോള്‍ ഉമേശ് യാദവിന് പകരം മുഹമ്മദ് ഷമ്മിയും ടീമില്‍ മടങ്ങിയെത്തി.

അതെസമയം ലങ്കന്‍ നിരയിലും മാറ്റങ്ങളുണ്ട്. ലഹ്‌രു തിരിമന്നയ്ക്കും ദാസുന്‍ ഷാകയ്ക്കും ടീമില്‍ സ്ഥാനം നഷ്ടപ്പെട്ടു. പകരം ധനഞ്ജയ സില്‍വയും റോഷന്‍ സില്‍വയും ടീമില്‍ ഇടംപിടിച്ചു. മധ്യനിര ബാറ്റ്‌സ്മാനായ റോഷന്‍ സില്‍വയുടെ അരങ്ങേറ്റ മത്സരമാണിത്. 103 ഫസ്റ്റ് ക്ലാസ് മത്സരത്തിന് ശേഷമാണ് സില്‍വ ശ്രീലങ്കന്‍ ജെഴ്‌സി അണിയുന്നത്.

Read more

നിലവില്‍ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. കൊല്‍ക്കത്തയില്‍ നടന്ന ആദ്യ ടെസ്റ്റ് സമനിലയില്‍ കലാശിച്ചപ്പോള്‍ നാഗ്പൂര്‍ ടെസ്റ്റ് ഇന്ത്യ അനായാസം വിജയിച്ചു.