17 ഓവര്‍ ശേഷിക്കെ വിന്‍ഡീസ് കുരുതി, യുവഇന്ത്യയുടെ വിജയകാഹളം

ആന്റിഗ്വ: വെസ്റ്റിന്‍ഡീസ് എയ്‌ക്കെതിരായ അവസാന ഏകദിന മത്സരത്തിലും ഇന്ത്യ എ ടീമിന് തകര്‍പ്പന്‍ ജയം. വിന്‍ഡീസ് എ ഉയര്‍ത്തിയ 237 റണ്‍സിന്റെ വിജയലക്ഷ്യം 33 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ എ മറികടക്കുകയായിരുന്നു. ഇെേതാ ഇന്ത്യ അനൗദ്യോഗിക ഏകദിന പരമ്പര 4-1ന് സ്വന്തമാക്കി.

89 പന്തില്‍ 99 റണ്‍സെടുത്ത റുതുരാജ് ഗെയ്ക്വാദും 40 പന്തില്‍ 69 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലും 64 പന്തില്‍ 61 റണ്‍സുമായി പുറത്താകാതെ നിന്ന ശ്രേയസ് അയ്യരും ചേര്‍ന്നാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. രണ്ടാം വിക്കറ്റില്‍ ഗെയ്ക്വാദുമൊത്ത് 110 റണ്‍സിന്റെ കൂട്ടുകെട്ടിലും ഗില്‍ പങ്കാളിയായി.

നേരത്തെ ദീപക് ചാഹര്‍, രാഹുല്‍ ചാഹര്‍, നവദീപ് സെയ്‌നി എന്നിവരുടെ തകര്‍പ്പന്‍ ബൗളിംഗിന്റെ മികവിലാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ 236 റണ്‍സില്‍ ഒതുക്കിയത്. 218 റണ്‍സെടുത്ത ഗില്ലാണ് ഏകദിന പരമ്പരയിലെ ടോപ് സ്‌കോറര്‍. ഒമ്പത് വിക്കറ്റെടുത്ത ഖലീല്‍ അഹമ്മദ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളറായി.

ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ഗില്ലിന് അവസരം ലഭിക്കുമെന്ന് കരുതിയെങ്കിലും ഇന്നലെ ടീം പ്രഖ്യാപിച്ചപ്പോള്‍ ഗില്ലിന് സ്ഥാനമുണ്ടായില്ല. ഖലീല്‍ അഹമ്മദ് ടീമിലിടം നേടിയിരുന്നു.