വിന്‍ഡീസ് കുട്ടിക്രിക്കറ്റില്‍ അതിശക്തര്‍, ഈ വിജയത്തെ ചെറുതാക്കി കാണിക്കുന്നത് ഇന്ത്യന്‍ ടീമിനോട് ചെയ്യുന്ന നീതികേട്

 

കെ നന്ദകുമാര്‍ പിള്ള

പ്രതാപം അസ്തമിച്ചെങ്കിലും കുട്ടിക്രിക്കറ്റില്‍ ശക്തരായ ടീം തന്നെയാണ് വെസ്റ്റ് ഇന്‍ഡീസ്. പതിനൊന്നാമന്‍ വരെ വമ്പന്‍ അടികള്‍ക്ക് കെല്പുള്ളവര്‍. അതുകൊണ്ട് തന്നെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഈ സീരീസ് വിജയത്തെ ചെറുതാക്കി കാണിക്കുന്നത് ഇന്ത്യന്‍ ടീമിനോട് ചെയ്യുന്ന നീതികേടാണ്. മികച്ച രീതിയില്‍ തന്നെ രോഹിത് ശര്‍മ്മ തന്റെ ഫുള്‍ ടൈം ക്യാപ്റ്റന്‍ സ്ഥാനത്തിനു തുടക്കം കുറിച്ചു.

സൂര്യകുമാര്‍ യാദവ്.. എത്ര അനായാസമായാണ് അയാളുടെ ക്രീസിലെ ചലനങ്ങള്‍. സ്‌ക്വയര്‍ ലെഗ് മുതല്‍ ഫൈന്‍ ലെഗ് വരെയുള്ള ഏരിയയില്‍ ഇത്ര സിംപിള്‍ ആയി സിക്‌സ് അടിക്കാന്‍ കഴിവുള്ളൊരു കളിക്കാരന്‍ ഇന്ന് ലോകക്രിക്കറ്റില്‍ വേറെയുണ്ടോ. ഡ്രെക്സിനെതിരെ ഓഫ് സ്റ്റമ്പില്‍ നിന്ന് കോരിയെടുത്ത് ഫൈന്‍ ലെഗ്ഗില്‍ നേടിയ ആ സിക്‌സ്… എ ക്ലാസിക് ഷോട്ട്. ഇന്ത്യയുടെ മധ്യനിരയിലെ പ്രശ്‌നങ്ങള്‍ക്ക് കുറച്ചുകാലത്തേക്കെങ്കിലും സൂര്യകുമാര്‍ ഒരു പരിഹാരം തന്നെയാണ്..

സൗത്ത് ആഫ്രിക്കയിലെ പ്രകടനത്തെ അടിസ്ഥാനമാക്കി, വെങ്കടേഷ് അയ്യരെ ടീമില്‍ എടുത്തത് നേരത്തെ ആയിപ്പോയോ എന്നൊരു അഭിപ്രായം പല കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. കേട്ടപ്പോള്‍ ശെരിയാണെന്ന് ഞാനും ചിന്തിച്ചിരുന്നു. എന്നാല്‍ ആ സംശയങ്ങളെ എല്ലാം കാറ്റില്‍ പറത്തുന്ന പ്രകടനമാണ് അയ്യര്‍ ഈ സീരീസില്‍ നടത്തിയത്. 24*(13), 33(18), 35*(19). രവീന്ദ്ര ജഡേജയുടെയും ഹര്‍ദിക് പാണ്ട്യയുടെയും അഭാവത്തില്‍ ആ സ്ഥാനം കൈകാര്യം ചെയ്യാന്‍ താന്‍ പ്രാപ്തനാണെന്ന് തെളിയിക്കുന്ന പ്രകടനമാണ് അയ്യരില്‍ നിന്നുണ്ടായത്.

15 ഓവര്‍ കഴിയുമ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ 98 / 4. ഒരു 150 – 160 ആയിരുന്നിരിക്കണം ഭൂരിപക്ഷം ആളുകളും പ്രതീക്ഷിച്ച സ്‌കോര്‍. എന്നാല്‍ അടുത്ത അഞ്ചോവറില്‍ രണ്ടു പേരും കൂടി നടത്തിയത് അടുത്ത കാലത്തെങ്ങും ഇന്ത്യന്‍ ക്രിക്കറ്റ് കാണാത്ത താണ്ഡവം. അടുത്ത 30 പന്തില്‍ സ്‌കോര്‍ ബോര്ഡിന് താങ്ങാന്‍ ആകുന്നതിനേക്കാള്‍ വലിയ ഫ്‌ലോയിലാണ് റണ്‍സ് ഒഴുകിയെത്തിയത്. 86 റണ്‍സ്. നഷ്ടപ്പെട്ടതാകട്ടെ സൂര്യകുമാറിനെ മാത്രം, അതും അവസാന പന്തില്‍. അതായത് 17 റണ്‍സ് എന്ന റണ്‍റേറ്റില്‍..

ഹര്‍ഷല്‍ പട്ടേല്‍… 4 – 0 – 22 – 3. ഒരു ഹൈ സ്‌കോറിങ് മത്സരത്തില്‍ ഫുള്‍ ക്വോട്ട ബൗള്‍ ചെയ്തിട്ടും എറിഞ്ഞതിനേക്കാള്‍ കുറവ് റണ്‍സ് വിട്ടുകൊടുക്കുക എന്നാല്‍, എക്‌സ്പ്ഷണല്‍ ബൗളിംഗ് പെര്‍ഫോമന്‍സ് എന്ന് തന്നെ പറയണം. ദീപക് ചാഹര്‍ – ശാര്‍ദൂല്‍ താക്കൂര്‍ – ഹര്‍ഷല്‍ പട്ടേല്‍ ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് വൈകി വന്ന വസന്തങ്ങളാണ് ഇവര്‍. ഈ മൂവര്‍ സംഘം കുറേക്കൂടി നേരത്തെ ടീമില്‍ എത്തേണ്ടിയിരുന്നു. മൂവരുടെയും പ്രായം 29, 30, 31 എന്നീ ക്രമത്തിലാണ്.

രവി ബിഷ്ണോയി.. തീര്‍ച്ചയായും ഒരു കണ്ടെത്തലാണ്. മൂന്നു കളികളിലായി 12 ഓവര്‍ ബൗള്‍ ചെയ്തിട്ട് വിട്ടു കൊടുത്തത് വെറും 76 റണ്‍സ്. അതില്‍ തന്നെ കുറെ വൈഡുകള്‍. ആവേശം കുറച്ച് നിയന്ത്രിച്ചാല്‍ മതി, ആ വൈഡുകളുടെ എണ്ണം കുറയ്ക്കാന്‍. അടുത്തതായി ശ്രീലങ്കയെയും ഇതേ രീതിയില്‍ തന്നെ ഇന്ത്യ കൈകാര്യം ചെയ്യും എന്ന് പ്രതീക്ഷിക്കാം.

 

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍