ബെസ്റ്റ് ഇലവനെ ഇറക്കുമെന്ന് ധവാന്‍, സഞ്ജുവിന് സാദ്ധ്യതയേറുന്നു

ശ്രീലങ്കയ്ക്കെതിരെ ഇന്ന് ആരംഭിക്കുന്ന ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഏറ്റവും മികച്ച ടീമിനെ അണിനിരത്തുമെന്ന് വ്യക്തമാക്കി ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍. മൂന്നാം ഏകദിനത്തിലേതിനു സമാനമായി വലിയ പരീക്ഷണങ്ങള്‍ക്ക് ടീം മാനെജ്മെന്റ് മുതിരില്ലെന്നാണ് സൂചന. ഇന്ത്യന്‍ സമയം ഇന്ന് രാത്രി എട്ട് മണിക്കാണ് ഇന്ത്യ-ലങ്ക ആദ്യ മുഖാമുഖം. മത്സരം സോണി ചാനലുകളില്‍ തത്സമയം കാണാം.

ശുഭ്മാന്‍ ഗില്ലിനും വാഷിങ്ടണ്‍ സുന്ദറിനും ആവേശ് ഖാനും പരിക്കേറ്റ സാഹചര്യത്തില്‍ പൃഥ്വി ഷായെയും സൂര്യകുമാര്‍ യാദവിനെയും ഇംഗ്ലണ്ടിലേക്ക് അയക്കാന്‍ ബിസിസിഐ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. അതിനാല്‍ത്തന്നെ ഇന്നത്തെ മത്സരത്തില്‍ പൃഥ്വിയും സൂര്യകുമാറും കളിക്കുമോയെന്ന് ഏവരും ഉറ്റുനോക്കുന്നു. ഇരുവരും മാറ്റിനിര്‍ത്തപ്പെട്ടാല്‍ മലയാളിയായ യുവ ഓപ്പണര്‍ ദേവദത്ത് പടിക്കലിന് ടീമില്‍ സ്ഥാനം ലഭിച്ചേക്കും.

മികച്ച ഇലവനെ അണിനിരത്തുമെന്ന ധവാന്റെ വാക്കുകള്‍ വിക്കറ്റ് കീപ്പര്‍മാരായ സഞ്ജു വി.സാംസണും ഇഷാന്‍ കിഷനും ഒരേസമയം ടീമില്‍ ഇടംപിടിക്കാനുള്ള സാധ്യതയിലേക്ക് വിരല്‍ചൂണ്ടുന്നു. ഏകദിനത്തില്‍ കിട്ടിയ ഏക അവസരം നന്നായി വിനിയോഗിച്ചത് സഞ്ജുവിന്റെ സാധ്യതക വര്‍ദ്ധിപ്പിക്കുന്ന ഘടകമാണ്. ഇഷാനും ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഉശിരന്‍ അര്‍ദ്ധ സെഞ്ച്വറിയോടെ മാറ്ററിയിച്ചിരുന്നു.

ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര ഉറപ്പിക്കുന്നതിലാണ് ശ്രദ്ധയെന്ന് ശിഖര്‍ ധവാന്‍ പറയുന്നു. പരമ്പര നേടിയാല്‍ അവസാന മത്സരത്തില്‍ പരീക്ഷണങ്ങള്‍ക്കുള്ള സാധ്യതയും ധവാന്‍ തള്ളിക്കളയുന്നില്ല.