ആരാധകര്‍ ഭയന്നത് സംഭവിച്ചു, കോഹ്‌ലിക്ക് വമ്പന്‍ നാണക്കേട്

ടെസ്റ്റില്‍ വിരാട് കോഹ്‌ലിയുടെ ബാറ്റിംഗ് ശരാശരി 50നു താഴേക്ക്. ടെസ്റ്റില്‍ ഇപ്പോള്‍ കോഹ്‌ലിയുടെ ബാറ്റിംഗ് ശരാശരി 49.96 ആണ് ആറു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ടെസ്റ്റില്‍ കോഹ്‌ലിയുടെ ശരാശരി 50ല്‍ താഴേക്കു പോയിരിക്കുന്നത്.

ഇതോടെ മൂന്നു ഫോര്‍മാറ്റുകളിലും ഫിഫ്റ്റി പ്ലസ് ബാറ്റിംഗ് ശരാശരിയെന്ന കോഹ്‌ലിയുടെ റെക്കോര്‍ഡും തകര്‍ന്നിരിക്കുകയാണ്. ഏകദിനത്തില്‍ 58.07ഉം ടി20യില്‍ 51.5ഉം ആണ് കോഹ്‌ലിയുടെ ബാറ്റിംഗ് ശരാശരി.

ലങ്കയ്‌ക്കെതിരായി നടന്നു കൊണ്ടിരിക്കുന്ന രണ്ടാം ടെസ്റ്റിനു മുമ്പ് 50.36 ആയിരുന്നു കോഹ്‌ലിയുടെ ബാറ്റിംഗ് ശരാശരി. ഇത് 50ല്‍ താഴേക്കു പോവാതിരിക്കാന്‍ ഏറ്റവും കുറഞ്ഞത് 42 റണ്‍സെങ്കിലും അദ്ദേഹത്തിനു നേടേണ്ടിയിരുന്നു. എന്നാല്‍ ആദ്യ ഇന്നിംഗ്‌സില്‍ 23 റണ്‍സിലൊതുങ്ങിയ കോഹ്‌ലി രണ്ടാം ഇന്നിംഗ്‌സില്‍ 13 റണ്‍സിനും പുറത്തായി.

കോഹ്‌ലിയുടെ ബാറ്റിംഗ് ശരാശരി ആദ്യമായി 50 കടന്നത് കരിയറിലെ 52ാമത്തെ ടെസ്റ്റിലായിരുന്നു. പിന്നീടൊരിക്കലും ഇതു 50നു താഴേക്കു പോയിരുന്നില്ല. പക്ഷെ കരിയറിലെ 101ാമത്തെ ടെസ്റ്റില്‍ അത് സംഭവിച്ചിരിക്കുകയാണ്.