'അവര്‍ക്ക് പിന്മാറാമായിരുന്നു, എന്നാലവര്‍ അതു ചെയ്തില്ല'; ഇന്ത്യയുടെ ധീരതയെ പ്രശംസിച്ച് ഇന്‍സമാം

പ്രതികൂല സാഹചര്യത്തിലും മൂന്നാം നിര ടീമിനെയുമായി ശ്രീലങ്കയുടെ മുന്‍നിര ടീമിനെതിരെ ഇറങ്ങിയ ഇന്ത്യയുടെ ധീരതയെ പ്രശംസിച്ച് പാകിസ്ഥാന്‍ മുന്‍ താരം ഇന്‍സമാം ഉള്‍ ഹഖ്. കോവിഡ് സാഹചര്യത്തില്‍ മുന്‍നിര താരങ്ങള്‍ പുറത്തിരിക്കാന്‍ നിര്‍ബന്ധിതരായപ്പോള്‍ മത്സരത്തില്‍ നിന്ന് പിന്മാറാമായിരുന്നെങ്കിലും ഇന്ത്യ അതിന് മുതിര്‍ന്നില്ല എന്നത് പ്രശംസനീയമാണെന്ന് ഇന്‍സമാം പറഞ്ഞു.

“കോവിഡ് പ്രതിസന്ധി ഇന്ത്യയെ ഗുരുതരമായി ബാധിച്ചു. എട്ട് മുന്‍നിര കളിക്കാരെ അവര്‍ക്ക് പുറത്തിരുത്തേണ്ടി വന്നു. കളിയില്‍ നിന്ന് പിന്മാറാനുള്ള ഓപ്ഷന്‍ അവര്‍ക്ക് ഉണ്ടായിരുന്നുവെങ്കിലും അവര്‍ മുന്നോട്ട് പോയി രണ്ടാം ടി20 കളിക്കാന്‍ തീരുമാനിച്ചു. ടീം ഇന്ത്യ തോല്‍വിയെ ഭയപ്പെടുന്നില്ലെന്ന് ഇത് തെളിയിക്കുന്നു. തോല്‍ക്കുമെന്ന് നിങ്ങള്‍ ഭയപ്പെടാത്തപ്പോള്‍, വിജയം നിങ്ങളെ തേടിയെത്തും. സ്‌ക്വാഡില്‍ അവശേഷിച്ച കളിക്കാരെ അവര്‍ വിശ്വസിച്ചു.”

Image

“ടീം ഇന്ത്യ ഈ ദിവസങ്ങളില്‍ വളരെ ശക്തമായ ക്രിക്കറ്റ് കളിക്കുന്നു. കാരണം മാനസികമായി അവര്‍ കടുത്ത വെല്ലുവിളികളെ നേരിടാന്‍ തയ്യാറാണ്. അവര്‍ക്ക് രണ്ടാം ടി20 നഷ്ടമായി. ബോര്‍ഡില്‍ അവര്‍ക്ക് 132 റണ്‍സ് മാത്രമേ നേടാനായുള്ളൂവെങ്കിലും അവസാന ബോളുകള്‍ വരേക്കും അവര്‍ ശ്രീലങ്കയെ പിടിച്ചു നിര്‍ത്തി. ടീം ഇന്ത്യയുടെ പ്രശംസനീയമായ ശ്രമമായിരുന്നു അത്” ഇന്‍സമാം പറഞ്ഞു.

മത്സരത്തില്‍ നാലു വിക്കറ്റിനാണ് തോല്‍വി വഴങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 132 റണ്‍സ്. മറുപടി ബാറ്റിംഗില്‍ ശ്രീലങ്ക രണ്ടു പന്തു ബാക്കിനില്‍ക്കെ ആറു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.