ലങ്കയിലെ വിജയത്തിന്റെ ക്രെഡിറ്റ് ദ്രാവിഡിനല്ല; ആ കൈയടിയും ധോണിയ്ക്ക്!

ലങ്കയിലെ ഇന്ത്യയുടെ പരമ്പര ജയത്തിന്റെ ക്രെഡിറ്റ് എം.എസ് ധോണിയിലേക്ക് എത്തിച്ച് പാകിസ്ഥാന്‍ മുന്‍ താരം ഡാനിഷ് കനേരിയ. പരമ്പരയിലെ ഏറെ നിര്‍ണായകമായ രണ്ടാം മത്സരത്തിലെ ദീപക് ചഹാറിന്റെ പ്രകടനം മുന്‍നിര്‍ത്തിയാണ് കനേരിയയുടെ വിലയിരുത്തല്‍. രണ്ടാം ഏകദിനത്തില്‍ ദീപക് ചഹര്‍ 69 റണ്‍സോടെ പുറത്താകാതെ നിന്ന് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചിരുന്നു. ദീപക്കിന്റെ പ്രകടനത്തിന് പിന്നില്‍ ധോണിയാണെന്നാണ് കനേരിയ പറയുന്നത്.

“ഇന്ത്യന്‍ ടീമിനും സി.എസ്.കയെക്കും ധോണി പകരുന്ന ലെഗസി ദീര്‍ഘനാള്‍ നിലനില്‍ക്കുന്നതാണ്. ഓസ്‌ട്രേലിയയില്‍ അശ്വിന്‍ നടത്തിയ പ്രകടനം, ഇപ്പോള്‍ ദീപക് ചഹാര്‍ കളിച്ചത്, ടീമിന്റെ ആവശ്യത്തിന് അനുസരിച്ച് സ്വയം മാറണമെന്നത് അവര്‍ മനസിലാക്കുന്നുണ്ട്. കളിയെ എങ്ങനെ മുന്നോട്ട് കൊണ്ടു പോകണമെന്നും ടീം തകര്‍ന്നുവെന്ന് തോന്നുമ്പോള്‍ കളി ജയിക്കാനുമെല്ലാം. എല്ലാം ധോണിയുടെ ലെഗസിയാണ്.” കനേരിയ തന്‍രെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

ഐ.പി.എല്ലില്‍ ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ താരമാണ് ദീപക് ചഹാര്‍. ആര്‍ അശ്വിന്‍, സുരേഷ് റെയ്‌ന, വിരാട് കോഹ്‌ലി, രവീന്ദ്ര ജഡേജ തുടങ്ങി ഇന്നത്തെ മിക്ക സൂപ്പര്‍ താരങ്ങളും ധോണിയുടെ ക്യാപ്റ്റന്‍സി കീഴില്‍ കളിച്ച് വളര്‍ന്നവരാണ്.