ഇത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ രീതിയല്ല; ദ്രാവിഡിന്റെ പ്രവൃത്തിയെ വിമര്‍ശിച്ച് ഗവാസ്‌കര്‍

മൂന്നാം ഏകദിനത്തില്‍ ആറ് മാറ്റങ്ങള്‍ വരുത്തി അഞ്ച് ഇന്ത്യന്‍ യുവതാരങ്ങക്ക് അരങ്ങേറ്റത്തിന് അവസരമൊരുക്കിയ ഇന്ത്യയുടെ സെലക്ഷന്‍ നടപടിയെ വിമര്‍ശിച്ച് മുന്‍ താരം സുനില്‍ ഗവാസ്‌കര്‍. ഇത്തരത്തില്‍ ബെഞ്ചിലുള്ള കളിക്കാര്‍ക്ക് എല്ലാം അവസരം നല്‍കുന്നത് ഇന്ത്യയുടെ രീതിയേയല്ലെന്നാണ് ഗവാസ്‌കര്‍ പറയുന്നത്.

“ഇതൊരുതരം പുതിയ പദ്ധതിയാണ്. കളിച്ച് മികവ് കാട്ടിയാല്‍ മാത്രം ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റത്തിന് അവസരം ലഭിക്കുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. എന്നാല്‍ ഇന്നത്തെ കാലഘട്ടത്തിലേക്കെത്തിയപ്പോള്‍ പരമ്പര നേടിക്കഴിഞ്ഞാല്‍ ബെഞ്ചിലുള്ളവര്‍ക്കെല്ലാം അവസരം നല്‍കാം എന്ന നിലയിലേക്ക് മാറി. ദീപക് ചഹാര്‍ രണ്ടാം മത്സരത്തിലൂടെ തന്റെ ഓള്‍റൗണ്ട് മികവ് തെളിയിച്ചതാണ്.”

“നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോയെന്നറിയില്ല ഭുവനേശ്വര്‍ കുമാര്‍ ഒരിക്കല്‍ ഇന്ത്യക്കായി മികച്ച ബാറ്റിങ് പ്രകടനം നടത്തി വിജയം നേടിക്കൊടുത്തു. എന്നാല്‍ അവനെ ഓള്‍റൗണ്ടറായി വളര്‍ത്താന്‍ ഒന്നും ചെയ്തില്ല. ഓള്‍റൗണ്ടറെന്ന നിലയില്‍ അവനെ അവഗണിക്കുകയാണ് ചെയ്തത്” സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

Image

മൂന്നാം ഏകദിനത്തില്‍ ആറ് മാറ്റങ്ങളോടെയാണ് ഇന്ത്യ ശ്രീലങ്കയ്‌ക്കെതിരെ ഇറങ്ങിയത്. മലയാളി താരം സഞ്ജു സാംസണ്‍, നിതീഷ് റാണ, രാഹുല്‍ ചാഹര്‍, കെ ഗൗതം, ചേതന്‍ സക്കരിയ എന്നിവരുടെ ആദ്യ ഏകദിന മത്സരമായിരുന്നു ഇത്. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ നേരത്തെ പരമ്പര സ്വന്ത്മാക്കിയിരുന്നു.