കന്നിക്കാരില്‍ നിറംമങ്ങിയത് രണ്ടു പേര്‍, ദ്രാവിഡിന് പിഴച്ചെന്ന വാദത്തില്‍ കഴമ്പില്ല

ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റക്കാരായ അഞ്ച് താരങ്ങള്‍ അടക്കം ആറു മാറ്റങ്ങള്‍ വരുത്തിയ കോച്ച് ദ്രാവിഡിന്റെ തീരുമാനത്തില്‍ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്‌കറും മുന്‍ താരം ആകാശ് ചോപ്രയുമെല്ലാം ദ്രാവിഡിന്റെ തീരുമാനത്തെ ചോദ്യം ചെയ്തവരില്‍പ്പെടുന്നു. എന്നാല്‍ പരമ്പര ജയിച്ച സാഹചര്യത്തില്‍ കൂടുതല്‍ കളിക്കാര്‍ക്ക് അവസരമൊരുക്കിയ ദ്രാവിഡിനെ മുന്‍ പാക് താരം റമീസ് രാജയെപ്പോലുള്ള ചിലര്‍ പിന്തുണയ്ക്കുന്നുമുണ്ട്. അരങ്ങേറിയ അഞ്ചുപേരില്‍ മൂന്നു താരങ്ങളും തിളങ്ങിയെന്നതും ദ്രാവിഡിനെതിരായ വിമര്‍ശനങ്ങളുടെ ബലംകുറയ്ക്കുന്ന കാര്യമാണ്.

മലയാളി ബാറ്റ്സ്മാന്‍ സഞ്ജു സാംസണ്‍, പേസര്‍ ചേതന്‍ സകാരിയ, മധ്യനിര ബാറ്റ്സ്മാന്‍ നിതീഷ് റാണ, ലെഗ് സ്പിന്നര്‍ രാഹുല്‍ ചഹാര്‍, ഓള്‍ റൗണ്ടര്‍ കൃഷ്ണപ്പ ഗൗതം എന്നിവരാണ് ലങ്കയുമായുള്ള മൂന്നാം ഏകദിനത്തില്‍ ആദ്യമായി ഇന്ത്യന്‍ ഏകദിന ക്യാപ്പ് അണിഞ്ഞത്. അതില്‍ സഞ്ജു അര്‍ദ്ധ ശതകത്തിന് അരുകിലെത്തിയ പ്രകടനത്തോടെ കോച്ചിന്റെ വിശ്വാസം ഏറെക്കുറെ കാത്തുസൂക്ഷിച്ചു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ രാഹുല്‍ ചഹാറും രണ്ടു പേരെ മടക്കിയ ചേതനും പന്തേറില്‍ മോശമാക്കിയില്ല.

റാണയും ഗൗതവും നിരാശപ്പെടുത്തിയെന്നു പറയാം. ലങ്കന്‍ ഓപ്പണര്‍ മിനോദ് ബാനുകയെ തുടക്കത്തിലേ പുറത്താക്കിയശേഷമായിരുന്നു ഗൗതം നിറംമങ്ങിയത്. മത്സരത്തിന്റെ നിര്‍ണായക സമയത്ത് ചില ക്യാച്ചുകള്‍ കൈവിട്ടതും ഇന്ത്യയെ പിന്നോട്ടടിച്ച ഘടകങ്ങളില്‍പ്പെടുന്നു. ക്യാച്ച് കളഞ്ഞവരില്‍ നായകന്‍ ശിഖര്‍ ധവാനും പൃഥ്വി ഷായുമൊക്കെയുണ്ടെന്നത് മറ്റൊരു കാര്യം. ഇന്ത്യന്‍ ബൗളര്‍മാര്‍ വിട്ടുകൊടുത്ത 30 എക്സ്ട്രാകളും മത്സരത്തിന്റെ വിധിയെഴുതി.

അരങ്ങേറ്റക്കാരെ ഉള്‍പ്പെടുത്തിയപ്പോള്‍ ഒഴിവാക്കിയ താരങ്ങളില്‍ ചില മാറ്റങ്ങള്‍ വേണ്ടിയിരുന്നെന്ന് അഭിപ്രായമുള്ളവരുമുണ്ട്. ഹാര്‍ദിക് പാണ്ഡ്യയെ പുറത്തിരുത്തി രണ്ടാം മത്സരത്തിലെ വിജയശില്‍പ്പി ദീപക് ചഹാറിനെ നിലനിര്‍ത്താമായിരുന്നവെന്നതാണ് അതില്‍ പ്രധാനം.

Twitter feels Manish Pandey's international career is over after his failures against Sri Lanka

മനീഷ് പാണ്ഡെയ്ക്ക് മൂന്നാമതൊരു അവസരം നല്‍കേണ്ടിയിരുന്നില്ലെന്നും പറയുന്നവരുണ്ട്. എന്നാല്‍ ആദ്യ രണ്ടു മത്സരങ്ങളിലും തരക്കേടില്ലാതെ തുടങ്ങിയിട്ടും ദീര്‍ഘമായ ഇന്നിംഗ്സുകള്‍ക്ക് പരാജയപ്പെട്ട മനീഷിന് ഒരിക്കല്‍ക്കൂടി അവസരം വച്ചുനീട്ടിയ ദ്രാവിഡിന്റെ തീരുമാനം അത്ര വലിയ പാതകമാണെന്ന് ആരും പറയില്ലെന്നതില്‍ സംശയമില്ല.