ദക്ഷിണാഫ്രിക്കന്‍ പരമ്പര: രോഹിത്തിന് വിശ്രമം നല്‍കിയാല്‍ ഇവരില്‍ ഒരാള്‍ നയിക്കും

ജൂണ്‍ ആദ്യവാരം അരംഭിക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ രോഹിത്ത് ശര്‍മ്മയ്ക്ക് വിശ്രമം നല്‍കിയാല്‍ ആര് ഇന്ത്യയെ നയിക്കും. രോഹിത്തിന് പുറമേ മറ്റ് സീനിയര്‍ താരങ്ങള്‍ക്കും വിശ്രമം നല്‍കാന്‍ സാധ്യതയുള്ളതിനാല്‍ പ്രധാനമായും മൂന്ന് പേരുകളാണ് ഈ സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്.

കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നിവരിലൊരാളിലേക്കാവും നായക സ്ഥാനം വന്നെത്തുക. നിലവില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ നായകനാണ് രാഹുല്‍. എന്നാല്‍ രാഹുല്‍ നായകനെന്ന നിലയില്‍ പരാജയമാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. മുമ്പ് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ രാഹുല്‍ ഇന്ത്യയെ നയിച്ചപ്പോള്‍ എല്ലാ മത്സരത്തിലംു ഇന്ത്യ തോറ്റിരുന്നു.

ഐപിഎല്ലില്‍ നേരത്തേ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ ചരിത്രത്തിലാദ്യമായി ഫൈനലിലെത്തിച്ച നായകനാണ് ശ്രേയസ് അയ്യര്‍. ഈ സീസണില്‍ കെകെആറിന്റെ നായകനായ ശ്രേയസിന് എന്നാല്‍ ടീമിനെ മികച്ച രീതിയില്‍ നയിക്കാന്‍ സാധിച്ചിട്ടില്ല. നിലവില്‍ പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് കെകെആര്‍ ഉള്ളത്.

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ നയിച്ചുകൊണ്ടിരിക്കുകയാണ് റിഷഭ് പന്ത്. കഴിഞ്ഞ സീസണിലാണ് പന്ത് ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റ ക്യാപ്പില്‍ ഡിസിയുടെ നായകസ്ഥാനത്തേക്കു വന്നത്. പിന്നീട് താരത്തെ ടീം നായകനായി സ്ഥിരപ്പെടുത്തുകയും ചെയ്തു. ഇവരില്‍ ആര് ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ ഇന്ത്യയുടെ നായകനാകുമെന്നത് സീനിയര്‍ താരങ്ങളുടെ വിശ്രമത്തെ ആശ്രയിച്ചിരിക്കും.