ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടി20 പരമ്പര; ഇന്ത്യയ്ക്ക് മൂന്ന് വലിയ തീരുമാനങ്ങള്‍ എടുക്കണം

ഐപിഎല്‍ ആരവങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് വീണ്ടും ഉണരാന്‍ പോവുകയാണ്. ദക്ഷിണാഫ്രിക്കക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയാണ് ആദ്യം ഇന്ത്യയ്ക്ക് മുന്നിലുള്ളത്. പരമ്പരയ്ക്കുള്ള ടീമിനെ ഇതിനടം ഇരുകൂട്ടരും ഇതിനോടകം പ്രഖ്യാപിച്ച് കഴിഞ്ഞു. ഇനി ഇവരെ എങ്ങനെ മത്സരത്തില്‍ പ്രയോജനപ്പെടുത്തുമെന്നാണ് കണ്ടറിയേണ്ടത്. ഇത്തരത്തില്‍ പരമ്പരയ്ക്ക് മുമ്പ് ഇന്ത്യയ്ക്ക് മൂന്ന് വലിയ തീരുമാനങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്.

ഹാര്‍ദിക് പാണ്ഡ്യയുടെ ബാറ്റിംഗ് പൊസിഷന്‍ ഏതായിരിക്കണം എന്നതാണ് ഇതില്‍ ആദ്യത്തേത്. ഹാര്‍ദിക് പാണ്ഡ്യയ്ക്ക് മികച്ച ഐപിഎല്‍ സീസണാണ് ലഭിച്ചത്. തന്റെ ടീമായ ഗുജറാത്ത് ടൈറ്റന്‍സിനെ ട്രോഫിയിലേക്ക് നയിക്കുക മാത്രമല്ല, അവരുടെ മുന്‍നിര റണ്‍സ് സ്‌കോറര്‍ കൂടിയായിരുന്നു അദ്ദേഹം. സീസണില്‍ അദ്ദേഹം 487 റണ്‍സ് നേടി.

പക്ഷേ ഐപിഎല്ലില്‍ ഹാര്‍ദ്ദിക് പ്രധാനമായും ബാറ്റ് ചെയ്തത് മൂന്നാം നമ്പറല്ലെങ്കില്‍ നാലാം നമ്പറായിട്ടായിരുന്നു. എന്നിരുന്നാലും, ഇന്ത്യന്‍ ടീമിലേക്ക് വരുമ്പോള്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. ആദ്യ നാല് സ്ഥാനങ്ങളില്‍ കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത് എന്നിങ്ങനെയാണ് നിലവില്‍ ഓര്‍ഡര്‍. ഹാര്‍ദ്ദിക്കിനെ മൂന്നിലേ നാലിലോ ഇറക്കണോ , അതോ ഫിനീഷറാക്കണോ എന്ന തീരുമാനം ഇന്ത്യ സ്വീകരിക്കേണ്ടതുണ്ട്.

നായകന്‍ കെഎല്‍ രാഹുലിനൊപ്പം ആര് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുമെന്നതാണ് രണ്ടാമത്തെ പ്രധാന കാര്യം. ഇഷാന്‍ കിഷനും ഋതുരാജ് ഗെയ്ക്‌വാദുമാണ് ഈ പൊസിഷനിലേക്ക് മത്സരിക്കുന്നത്. എന്നാല്‍ ഐപിഎല്ലില്‍ ഇവര്‍ രണ്ടും അത്രമികച്ച പ്രകടനമല്ല കാഴ്ചവെച്ചത്. അതില്‍ തന്നെ ഋതുരാജ് ആണ് അല്‍പ്പം ഭേദപ്പെട്ട് നില്‍ക്കുന്നത്. മോശം സ്‌ട്രൈക്ക് റേറ്റാണ് ഇഷാനെ പിന്നോട്ടടിക്കുന്നത്.

ബോളിംഗ് കോമ്പിനേഷനാണ് മൂന്നാമത്തെ കാര്യം. യുസ്വേന്ദ്ര ചാഹലിലും കുല്‍ദീപ് യാദവിലും ഇന്ത്യയ്ക്ക് രണ്ട് മികച്ച സ്പിന്നര്‍മാര്‍ ഉണ്ട്. അവര്‍ ആദ്യ നാല് പേരെപ്പോലെ തന്നെ തിരഞ്ഞെടുക്കും. എന്നിരുന്നാലും, രാഹുലിന് മികച്ച പേസ് കോമ്പിനേഷന്‍ കണ്ടെത്തേണ്ടതുണ്ട്. ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക് എന്നിങ്ങനെയാണ് മുന്നിലുള്ള അഞ്ച് ഓപ്ഷനുകള്‍.

Read more

ഇവരില്‍, ഐപിഎല്‍ 2022ല്‍ വിക്കറ്റ് വീഴ്ത്തുകയും മികച്ച ഇക്കോണമി നിരക്ക് നിലനിര്‍ത്തുകയും ചെയ്ത ഒരേയൊരു ബൗളര്‍ ഹര്‍ഷല്‍ പട്ടേലാണ്. ഉമ്രാന്‍ മാലിക്കും ആവേശ് ഖാനും ഏറെ വിക്കറ്റുകള്‍ നേടിയെങ്കിലും ധാരാളം റണ്‍സ് വഴങ്ങി. ഭുവനേശ്വര്‍ കുമാറിനും അര്‍ഷ്ദീപ് സിംഗിനും വിക്കറ്റുകള്‍ ലഭിച്ചില്ലെങ്കിലും റണ്‍സ് വഴങ്ങുന്നതില്‍ നന്നായി പിശുക്കി. ഇതെല്ലാം പരിഗണിച്ച് ഇന്ത്യ ഏത് ടീമിനെ ഇറക്കുമെന്ന് കാരത്തിരുന്ന് കാണണം.