ഒരു ബ്രേക്ക് വേണം, സൂപ്പര്‍ താരം ബി.സി.സി.ഐയെ സമീപിച്ചു

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കാനിരിക്കെ അപ്രതീക്ഷിത നീക്കവുമായി നായകന്‍ രോഹിത് ശര്‍മ്മ. ഐപിഎല്ലിന് ശേഷം തനിക്ക് ഒരിടവേള വേണമെന്ന് താരം ബിസിസിഐയോട് ആവശ്യപ്പെട്ടു.

‘അതെ, രോഹിത് ഒരു ഇടവേള ചോദിച്ചു. അത് മനസ്സിലാക്കാവുന്നതേയുള്ളൂ. മുംബൈ ഇന്ത്യന്‍സിന് വേണ്ടി അദ്ദേഹം എല്ലാ മത്സരങ്ങളും കളിച്ചു. പ്രത്യേകിച്ച് ടീം മികച്ച പ്രകടനം നടത്താത്തപ്പോള്‍. ഞങ്ങള്‍ അത് മനസ്സിലാക്കുന്നു. ഇംഗ്ലണ്ട് പര്യടനത്തിനായി ഞങ്ങള്‍ക്ക് അദ്ദേഹത്തെ ഫ്രഷായി വേണം.’ ഒരു മുതിര്‍ന്ന ബിസിസിഐ ഒഫീഷ്യല്‍ ഇന്‍സൈഡ് സ്പോര്‍ട്ടിനോട് പറഞ്ഞു.

രോഹിതിന് ഒരു അര്‍ദ്ധ സെഞ്ച്വറി പോലും നേടാനാകാതെ വന്ന ആദ്യ ഐപിഎല്‍ സീസണാണിത്. 14 മത്സരങ്ങളില്‍ നിന്ന് 19.14 ശരാശരിയില്‍ 268 റണ്‍സ് മാത്രമാണ് രോഹിത് ശര്‍മ്മയ്ക്ക് നേടാനായത്.

രോഹിത്തിന് പുറമേ മറ്റ് സീനിയര്‍ താരങ്ങള്‍ക്കും വിശ്രമം നല്‍കാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. രോഹിത്തിന്റെ ആഭാവത്തില്‍ കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ശിഖര്‍ ധവാന്‍ എന്നിവരിലൊരാള്‍ ടീമിനെ നയിച്ചേക്കും.