പൂജാരയെ സെവാഗിനോട് ഉപമിച്ച് പ്രമുഖ ഐ.പി.എല്‍ ടീം; വാങ്ങുന്നോ എന്ന് ആരാധകര്‍!

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ജൊഹന്നാസ്ബര്‍ഗില്‍ നടന്നു കൊണ്ടിരിക്കുന്ന ടെസ്റ്റ് മത്സരത്തിലെ പൂജാരയുടെ ബാറ്റിംഗ് ശൈലിയെ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്റേതിനോട് ഉപമിച്ച് ഐപിഎല്‍ ടീം പഞ്ചാബ് കിംഗ്‌സ്. ട്വിറ്ററിലൂടെയായിരുന്നു പഞ്ചാബ് കിംഗ്‌സിന്റെ ഈ ഉപമിക്കല്‍.

മോശം ഫോമിന്റെ പേരില്‍ ഏറെ പഴി കേട്ടിരുന്ന പൂജാര എന്നാല്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഏകദിന ശൈലിയില്‍ ബാറ്റുവീശിയ പൂജാര വെറും 62 പന്തിലാണ് അര്‍ദ്ധ സെഞ്ച്വറി തികച്ചത്. 53 റണ്‍സ് നേടിയതിനു ശേഷമാണു പൂജാര പുറത്തായത്. 61.63 ആയിരുന്നു താരത്തിന്റെ സ്‌ട്രൈക് റേറ്റ്.

ഇതിന് പിന്നാലെയാണ് സെവാഗിന്റെ വെടിക്കെട്ട് ശൈലിയോട് പൂജാരയുടെ പ്രകടനത്തെ പഞ്ചാബ് ഉപമിച്ചത്. ഈ ട്വീറ്റ് ഏറ്റെടുത്ത ആരാധകര്‍ വരുന്ന ഐപിഎല്‍ മെഗാ ലേലത്തില്‍ പൂജാരയെ പഞ്ചാബ് വാങ്ങുന്നോ എന്നാണ് പഞ്ചാബിനോട് തിരിച്ച് ചോദിച്ചത്. പക്ഷേ ഇതിനോട് പ്രതികരിക്കാന്‍ ടീം ധൈര്യപ്പെട്ടിട്ടില്ല.

ഒരുഘട്ടത്തില്‍ പകച്ചു നിന്ന ഇന്ത്യയെ പൂജാര- രഹാനെ സഖ്യമാണ് കര കയറ്റിയത്. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 111 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. ഇത് ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ ഏറെ നിര്‍ണായകമാവുകയും ചെയ്തിരുന്നു.