സെഞ്ചൂറിയനിലെ മിന്നും സെഞ്ച്വറി, വീരുവിന്റെ റെക്കോഡ് തിരുത്തി രാഹുല്‍

ദക്ഷിണാഫ്രിക്കക്കെതിരെ സെഞ്ചൂറിയനില്‍ നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ തന്നെ സെഞ്ച്വറി നേടി കളി ഇന്ത്യയുടെ വരുതിയിലാക്കിയിരിക്കുകയാണ് വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍. സെഞ്ചൂറിയനിലെ സെഞ്ച്വറി പ്രകടനത്തോടെ ഇന്ത്യന്‍ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാാഗിന്റെ റെക്കോഡ് മറികടക്കാന്‍ രാഹുലിന് ആയി.

ഏഷ്യക്കു പുറത്ത് കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് രാഹുലിനെ തേടിയെത്തിയത്. രാഹുലിന്റെ അഞ്ചാമത്തെ സെഞ്ച്വറിയായിരുന്നു സെഞ്ചൂറിയനിലേത്. 34 ഇന്നിംഗ്സുകളില്‍ നിന്നാണിത്. 59 ഇന്നിംഗ്‌സുകളില്‍ നിന്നും നാലു സെഞ്ച്വറികളാണ് ഏഷ്യക്കു പുറത്ത് സെവാഗിനുണ്ടായിരുന്നത്. ഇതാണ് രാഹുല്‍ തിരുത്തിയത്.

Image

ഇനി ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ മാത്രമേ രാഹുലിനു മുന്നിലുള്ളൂ. ഗവാസ്‌കര്‍ 81 ഇന്നിംഗ്സുകളില്‍ നിന്നും 15 സെഞ്ച്വറികളോടെയാണ് തലപ്പത്ത് നില്‍ക്കുന്നത്. ഇതോടൊപ്പം ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളില്‍ സെഞ്ച്വറി നേടിയ മൂന്നാമത്തെ വിദേശ ഓപ്പണര്‍, ആദ്യ ഇന്ത്യന്‍ ഓപ്പണര്‍ നേട്ടങ്ങള്‍ക്കും രാഹുല്‍ അവകാശിയായി.

KL Rahul Becomes 2nd Indian Opener After Wasim Jaffer To Score A Test  Century In South Africa

ഇതിന് മുമ്പ് ഇന്ത്യയുടെ ഒരേയൊരു ഓപ്പണര്‍ മാത്രമേ ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റില്‍ സെഞ്ച്വറി നേടിയിരുന്നുള്ളൂ. അതു വസീം ജാഫറായിരുന്നു. 2006-07ലെ പര്യടനത്തിലായിരുന്നു അദ്ദേഹം ഓപ്പണറായി ഇറങ്ങി സെഞ്ച്വറി കുറിച്ചത്. അന്നു കേപ്ടൗണില്‍ നടന്ന ടെസ്റ്റില്‍ 116 റണ്‍സായിരുന്നു ജാഫര്‍ നേടിയത്. ഇപ്പോള്‍ സെഞ്ചൂറിയനില്‍ രാഹുല്‍ 122* നേടി പുറത്താകാതെ നില്‍ക്കുകയാണ്.