അരങ്ങേറ്റത്തില്‍ മിന്നിച്ച് ശ്രേയസ്; താളം വീണ്ടെടുത്ത് ഇന്ത്യ

അരങ്ങേറ്റ മത്സരത്തില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ ശ്രേയസ് അയ്യരുടെ ബാറ്റിംഗ് മികവില്‍ കിവീസിനെതിരായ ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യ ബാലന്‍സ് വീണ്ടെടുക്കുന്നു. 70 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.

94 ബോളില്‍ ആറ് ഫോറിന്റെ അകമ്പടിയിലാണ് ശ്രേയസ് 50 റണ്‍സ് നേടിയത്. ശ്രേയസ് അയ്യറിന് (54) ഒപ്പം രവീന്ദ്ര ജഡേജ (26)യാണ് ക്രീസില്‍. ഇരുവരും ചേര്‍ന്ന് 60 റണ്‍സിന് മേല്‍ സ്കോര്‍ ബോര്‍ഡില്‍ ചേര്‍ത്തു കഴിഞ്ഞു.

ശുഭ്മാന്‍ ഗില്‍ (93 പന്തില്‍ 52), മായങ്ക് അഗര്‍വാള്‍ (28 പന്തില്‍ 13), ചേതേശ്വര്‍ പൂജാര (88 പന്തില്‍ 26), അജിങ്ക്യ രഹാനെ (63 പന്തില്‍ 35) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ന്യൂസിലാന്‍ഡിനായി കൈല്‍ ജാമിസണ്‍ മൂന്ന് വിക്കറ്റും ടിം സൗത്തി ഒരു വിക്കറ്റും വീഴ്ത്തി.