അത് രോഹിത്തിന്റെ ഭാഗത്ത് നിന്നുണ്ടായ വന്‍ പിഴവ്; വിമര്‍ശിച്ച് മുന്‍ താരം

കഴിഞ്ഞ ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ശ്രദ്ധേയനായ ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍ ന്യൂസിലാന്റിനെതിരായ ആദ്യ ടി20യിലൂടെ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ഫിറ്റ്‌നസ് പ്രശ്‌നങ്ങളും മോശം ഫോമും കാരണം വലയുന്ന ഹാര്‍ദിക് പാണ്ഡ്യയുടെ പകരക്കാരനായാണ് അദ്ദേഹം ദേശീയ ടീമിലെത്തിയിരിക്കുന്നത്. എന്നാല്‍ ഓള്‍റൗണ്ടര്‍ റോളില്‍ ടീമിലെത്തിയ വെങ്കടേഷിന് നായകന്‍ രോഹിത് ശര്‍മ്മ ഓരോവര്‍ പോലും എറിയാന്‍ നല്‍കിയില്ല. ഇപ്പോഴിതാ ഇതിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് ആകാശ് ചോപ്ര.

‘വെങ്കടേഷ് അയ്യറെ ബൗള്‍ ചെയ്യിപ്പിക്കാതിരുന്നത് രോഹിത്തിന്റെ ഭാഗത്ത് നിന്ന് സംഭവിച്ച പിഴവാണ്. ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടറെ വേണം എന്നാണ് ഇന്ത്യന്‍ ടീം പറയുന്നത്. അതിനാലാണ് വെങ്കടേഷ് അയ്യറെ അവര്‍ ആറാം സ്ഥാനത്ത് ഇറക്കിയത്. എന്നിട്ട് വെങ്കടേഷിനെ കൊണ്ട് അവര്‍ ബൗള്‍ ചെയ്യിച്ചില്ല.’

Aakash Chopra under fire after predicting England and Pakistan as finalists  of T20 WC 2021

‘ടോസ് നേടുകയും എതിരാളികള്‍ ബാറ്റിംഗില്‍ പ്രയാസപ്പെടുകയും ചെയ്തപ്പോള്‍ വെങ്കടേഷിന് പന്ത് നല്‍കാമായിരുന്നു. പ്രത്യേകിച്ച് ഫസ്റ്റ് ഹാഫില്‍. ദീപക് ചഹറിനും മുഹമ്മദ് സിറാജിനും നല്ല ദിവസമായിരുന്നില്ല. അതിനാല്‍ രണ്ട് ഓവര്‍ എങ്കിലും വെങ്കിടേഷിന് നല്‍കാമായിരുന്നു’ ആകാശ് ചോപ്ര പറഞ്ഞു.

Aakash Chopra feels Venkatesh Iyer should have bowled in the first T20I

ഐപിഎല്ലിന്റെ കഴിഞ്ഞ സീസണിലെ ഏറ്റവും വലിയ കണ്ടെത്തലായിരുന്നു ഇടംകൈയന്‍ ബാറ്ററും സീം ബൗളറുമായ വെങ്കടേഷ്. കൊല്‍ക്കത്തയ്ക്കുവേണ്ടി ഓപ്പണറായി കളിച്ച അദ്ദേഹം 350ന് മുകളില്‍ റണ്‍സ് നേടുന്നതിനോടൊപ്പം മൂന്നു വിക്കറ്റുകളും വീഴ്ത്തിയിരുന്നു. എന്നാല്‍ ന്യൂസിലാന്റിനെതിരായ മത്സരത്തില്‍ സിറാജിനെ പോലുള്ള പരിചയ സമ്പന്നരായ താരങ്ങള്‍ റണ്‍ വഴങ്ങിയപ്പോഴും വെങ്കിയെ ബോളേല്‍പ്പിക്കാന്‍ രോഹിത് കൂട്ടാക്കാഞ്ഞത് വന്‍വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.