അദ്ദേഹവുമായി സംസാരിച്ചു, എനിക്ക് ഒരാശങ്കയുമില്ല; വെളിപ്പെടുത്തി ബുംറ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിനെ ആദ്യമായി നയിക്കാന്‍ കിട്ടിതില്‍ ആശങ്കകളൊന്നുമില്ലെന്ന് ജസ്പ്രീത് ബുംറ. ടീമിനെ എങ്ങനെ മികച്ചില്‍ എത്തിക്കാമെന്നതാണ് ചിന്തയെന്നും എംഎസ് ധോണിയെ താന്‍ വിളിച്ച് സംസാരിച്ചിരുന്നെന്നും ബുംറ പറഞ്ഞു.

‘ഞാന്‍ എംഎസ് ധോണിയുമായി സംസാരിച്ചു. ധോണിയും മറ്റൊരു ടീമിനെയും നയിച്ച് അനുഭവസമ്പത്തില്ലാതെ നേരിട്ട് ഇന്ത്യയുടെ നായകസ്ഥാനത്ത് എത്തുകയായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.’

‘അദ്ദേഹം ഏറ്റവും മികച്ച നായകന്മാരിലൊരാളാണ്. ഞാന്‍ ഇതിന് മുമ്പ് എന്ത് ചെയ്തുവെന്നതിലല്ല ടീമിനെ വിജയത്തിനായി എങ്ങനെ സഹായിക്കാമെന്നതിലാണ് ശ്രദ്ധ നല്‍കുന്നത്’ ബുംറ പറഞ്ഞു.

കോവിഡ് ബാധിതനായ രോഹിത് ശര്‍മയ്ക്ക് കളിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ബുംറ ക്യാപ്റ്റന്‍ സ്ഥാനത്തെത്തുന്നത്. 1987ല്‍ ഇതിഹാസ താരം കപില്‍ ദേവിന് ശേഷം ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുന്ന ആദ്യ ഫാസ്റ്റ് ബൗളറാണ് ബുംറ.

1932-ല്‍ ഇന്ത്യ ക്രിക്കറ്റ് മത്സരങ്ങള്‍ കളിക്കാന്‍ തുടങ്ങിയ ശേഷം ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുന്ന 36-ാമത്തെ താരമെന്ന നേട്ടവും ബുംറ സ്വന്തമാക്കി.

കഴിഞ്ഞ വര്‍ഷം കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ച ശേഷിക്കുന്ന ടെസ്റ്റാണ് ഇന്ത്യ കളിക്കാനൊരുങ്ങുന്നത്. ആദ്യ നാല് മത്സരത്തില്‍ 2-1ന് മുന്നിട്ട് നില്‍ക്കുന്ന ഇന്ത്യക്ക് അഞ്ചാം ടെസ്റ്റ് തോല്‍ക്കാതെ നോക്കിയാല്‍ പരമ്പര സ്വന്തമാക്കാം. എന്നാല്‍ പരിക്കും ഫോമില്ലായ്മയും ഇംഗ്ലണ്ട് താരങ്ങളുടെ ഫോമും ഇന്ത്യക്ക് വെല്ലുവിളിയാണ്. ഇരുടീമിനും പുതിയ നായകന്മാര്‍ ആണെന്നതും ശ്രദ്ധേയമാണ്.

ഇന്ത്യന്‍ സമയം വൈകീട്ട് മൂന്നു മണിക്കാണ് ടെസ്റ്റ് തുടങ്ങുന്നത്. മല്‍സരം സോണിയുടെ വിവിധ ചാനലുകളില്‍ തദ്സമയം സംപ്രേക്ഷണം ചെയ്യും. കൂടാതെ സോണി ലിവ് ആപ്പിലും ലൈവ് സ്ട്രീമിംഗുണ്ടാവും.