ബെയര്‍സ്റ്റോയെ സ്ലെഡ്ജ് ചെയ്ത് കോഹ്‌ലി, പിടിച്ചെടുത്ത് സ്റ്റമ്പ് മൈക്ക്

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ദിനം ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ ജോണി ബെയര്‍സ്റ്റോയെ സ്ലെഡ്ജ് ചെയ്ത് വിരാട് കോഹ്‌ലി. ബെയര്‍സ്റ്റോ ക്രീസിലെത്തിയതിന് പിന്നാലെയായിരുന്നു മുന്‍ ഇന്ത്യന്‍ നായകന്റെ സ്ലെഡ്ജിംഗ്. ഇത് സ്റ്റമ്പ് മൈക്ക് പിടിച്ചെടുക്കുകയും ചെയ്തു.

ഇംഗ്ലണ്ട് ബാറ്റ് ചെയ്ത 14ാം ഓവറിലാണ് സംഭവം. ‘ടിം സൗത്തിയുടെ പന്തിനെക്കാളും അല്‍പ്പം കൂടി വേഗം തോന്നുന്നുണ്ടല്ലെ’ എന്നാണ് കോഹ്‌ലി ബെയര്‍സ്റ്റോയോട് ചോദിച്ചത്. എന്നാല്‍ ബെയര്‍സ്റ്റോ ഇതിനോട് പ്രതികരിച്ചില്ല.

ഇന്ത്യക്കെതിരായ മത്സരത്തിന് മുമ്പ് ന്യൂസീലന്‍ഡിനെതിരായ പരമ്പര തൂത്തുവാരിയാണ് ഇംഗ്ലണ്ട് എത്തിയത്. ന്യൂസീലന്‍ഡിനെതിരേ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് ബെയര്‍സ്റ്റോ കാഴ്ചവെച്ചത്. അതിനാലാണ് ന്യൂസീലന്‍ഡ് പേസര്‍ സൗത്തിയുടെ പേരില്‍ കോഹ്‌ലി സ്ലെഡ്ജ് ചെയ്തത്.

ഇതിന്റെ പിന്തുടര്‍ച്ചയെന്നോണം മൂന്നാം ദിനം ഇംഗ്ലണ്ട് ഇന്നിംസിന്റെ 32ാം ഓവറില്‍ കോഹ്‌ലിയും ബെയര്‍സ്റ്റോയും നേര്‍ക്കുനേര്‍ വന്നു. എന്നാല്‍ ഇരുവരും എന്താണ് സംസാരിച്ചതെന്ന് വ്യക്തമല്ല. അമ്പയര്‍ ഇടപെട്ട് ഇരുവരെയും മാറ്റിവിടുന്നത് കാണാമായിരുന്നു.

ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സെന്ന നിലയിലാണ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിനേക്കാള്‍ 332 റണ്‍സ് പിന്നിലാണ് ആതിഥേയര്‍. ജോണി ബെയര്‍‌സ്റ്റോ (25*), ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്‌സ് (16*) എന്നിവരാണ് ക്രീസില്‍.