ഇതൊക്കെ എന്ത്, ഞെട്ടി നില്‍ക്കുമ്പോഴും ഒടുക്കത്തെ ആത്മവിശ്വാസത്തില്‍ ബട്ട്‌ലര്‍

ആദ്യ ഏകദിനത്തില്‍ ഇന്ത്യയോട് ഒന്ന് പൊരുതാന്‍ പോലുമാകാതെ 10 വിക്കറ്റിന് തോറ്റതിന്റെ ഞെട്ടലിലാണ് ലോക ചാമ്പ്യന്മാര്‍. എന്നാല്‍ കനത്ത തോല്‍വികള്‍ക്കിടയിലും തങ്ങള്‍ പരിഭ്രാന്തരാകില്ലെന്ന് പറഞ്ഞിരിക്കുകയാണ് ഇംഗ്ലീഷ് നായകന്‍ ജോസ് ബട്ട്ലര്‍. രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ട് വ്യത്യസ്തമായ ഒരു ടീമായിരിക്കുമെന്നും പ്രകടനം മെച്ചപ്പെടുത്തുമെന്നും ബട്ട്‌ലര്‍ പറഞ്ഞു.

‘ഇത് വളരെ ബുദ്ധിമുട്ടുള്ള ഒരു ദിവസമാണ്. ഇന്ത്യ അതിശയകരമായ രീതിയില്‍ പന്തെറിഞ്ഞു. ഞങ്ങള്‍ക്കത് ആഗ്രഹിച്ചതുപോലെ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞില്ല. ഇതില്‍ നിന്ന് ഞങ്ങള്‍ പരമാവധി പഠിക്കാന്‍ ശ്രമിക്കും. പക്ഷേ ഞങ്ങള്‍ക്ക് അറിയാവുന്ന കാര്യങ്ങളില്‍ ഞങ്ങള്‍ ഉറച്ചുനില്‍ക്കും. ഞങ്ങള്‍ക്ക് മികച്ച താരങ്ങളുണ്ട്. അതിനാല്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. അതില്‍ കൂടുതല്‍ സമയം ചെലവഴിക്കേണ്ടതില്ല. അടുത്ത മത്സരത്തില്‍ ശക്തമായി തിരിച്ചുവരും’ ബട്ടലര്‍ പറഞ്ഞു.

ഇന്നലെ നടന്ന ആദ്യ ഏകദിന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് വെറും 111 റണ്‍സാണ് വിജയലക്ഷ്യമായി ഇന്ത്യക്കു മുന്നില്‍ വച്ചത്. ജസ്പ്രീത് ബുംറയുടെ മാജിക്കല്‍ ബോളിംഗായിരുന്നു ഇംഗ്ലണ്ടിനെ തരിപ്പണമാക്കിയത്.

7.2 ഓവറില്‍ മൂന്നു മെയ്ഡനടക്കം 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 6 വിക്കറ്റാണ് ബുംറ വീഴ്ത്തിയത്. മൂന്നു വിക്കറ്റുകളെടുത്ത മുഹമ്മദ് ഷമി അദ്ദേഹത്തിനു മികച്ച പിന്തുണയേകി. പ്രസിദ്ധ് കൃഷ്ണയ്ക്കു ഒരു വിക്കറ്റും ലഭിച്ചു.

Read more

മറുപടി ബാറ്റിംഗില്‍ തുടക്കത്തിലെ കുറച്ച് ഓവറുകളില്‍ റണ്ണെടുക്കാന്‍ വിഷമിച്ചെങ്കിലും പിന്നീട് രോഹിത്- ശിഖര്‍ ധവാന്‍ ജോടി കത്തിക്കയറി. 18.4 ഓവറില്‍ തന്നെ ഇന്ത്യ വിജയറണ്‍ കുറിച്ചു രോഹിത് 76ഉം ധവാന്‍ 31ഉം റണ്‍സെടുത്തു.