ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര: വോണ്‍ പണി തുടങ്ങി, ആദ്യ ട്വീറ്റ് എത്തി

ഇന്ത്യന്‍ ടീമിന്റെ സ്ഥിരം വിമര്‍ശകരിലൊരാളാണ് ഇംഗ്ലണ്ട് മുന്‍ താരം മൈക്കല്‍ വോണ്‍. ഇന്ത്യന്‍ ടീമിനെ പരിഹസിച്ചു കൊണ്ടുള്ള വോണിന്റെ ട്വീറ്റുകള്‍ പലപ്പോഴും ഇന്ത്യന്‍ ആരാധകരുടെ പൊങ്കാല ഏറ്റുവാങ്ങാറുണ്ട്. ഇപ്പോഴിതാ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ആരംഭിക്കാനിരിക്കെ രസകരമായ ട്വീറ്റുമായി രംഗപ്രവേശം ചെയ്തിരിക്കുകയാണ്, വോണ്‍.

വരാനിരിക്കുന്ന മത്സരത്തിനായി മൈതാനത്ത് ഒരുക്കിയ പച്ചനിറമുള്ള പിച്ചിനെ ട്രോളിയാണ് വോണിന്റെ ആദ്യ ട്വീറ്റ്. ബി.സി.സി.ഐ പങ്കുവെച്ച പിച്ചിന്റെ ചിത്രത്തില്‍ പുല്ലും മരവും വെച്ച് എഡിറ്റ് ചെയ്താണ് വോണിന്റെ ട്വീറ്റ്. പരമ്പര ആരംഭിക്കുംവരെ കാത്തിരിക്കാനാവുന്നില്ലെന്നും, ഒരു മികച്ച പരമ്പരയായിരിക്കുമെന്നും വോണ്‍ കുറിച്ചു.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് മത്സരം ഈ മാസം നാലിന് ആരംഭിക്കും. ഓഗസ്റ്റ് 4 മുതല്‍ 8 വരെ ട്രെന്റ്ബ്രിഡ്ജിലാണ് ആദ്യ മത്സരം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പരാജയപ്പെട്ട ഇന്ത്യ ഒരു തിരിച്ചുവരവ് ലക്ഷ്യം വെച്ചാണ് ഇംഗ്ലണ്ടിനെതിരെ ഇറങ്ങുന്നത്.