ഐസിസി ചാമ്പ്യൻസ് ട്രോഫി അവസാനിച്ചുകഴിഞ്ഞാൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ ഏകദിന ഭാവി അനിശ്ചിതത്വത്തിലാണ്. ടൂർണമെൻ്റിൻ്റെ ഫലം എന്തുതന്നെയായാലും രോഹിത്തിന്റെ സ്ഥാനം നഷ്ടപ്പെടും എന്നാണ് റിപ്പോർട്ടുകൾ. എന്നിരുന്നാലും, വിരാട് കോഹ്‌ലിയുടെ കാര്യത്തിൽ അദ്ദേഹത്തിന് കൂടുതൽ അവസരം നൽകാനാണ് ടീം മാനേജ്മെന്റ് തീരുമാനിച്ചിരിക്കുന്നത്.
രോഹിത് ശർമ്മയുടെ മോശം ഫോം താരത്തിനും ടീമിനും ഒരേപോലെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. പ്രായം തനിക്ക് ഒരു പ്രശ്നമല്ല എന്ന് രോഹിത് പറയുമ്പോൾ പോലും അദ്ദേഹത്തിന്റെ മോശം ഫോമും നായക രീതികളും ടീമിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ചാമ്പ്യൻസ് ട്രോഫി നേടി ഇല്ലെങ്കിൽ നായക സ്ഥാനം മാത്രമല്ല ടീമിലെ സ്ഥാനവും താരത്തിന് നഷ്ടമാകും.
“കഴിഞ്ഞ സെലക്ഷൻ മീറ്റിംഗിൻ്റെ സമയത്താണ് സെലക്ടർമാരും ബോർഡിലെ ആളുകളും രോഹിതുമായി ഈ ചർച്ച നടത്തിയത്. ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം തൻ്റെ ഭാവി എങ്ങനെ ആസൂത്രണം ചെയ്യണമെന്ന് തീരുമാനിക്കേണ്ടതുണ്ടെന്ന് അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. അടുത്ത ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) സൈക്കിളിലേക്കും ഏകദിന ലോകകപ്പിലേക്കും പോകാൻ ടീം മാനേജ്‌മെൻ്റിന് ചില പദ്ധതികളുണ്ട്. സുഗമമായ പരിവർത്തനം ഉറപ്പാക്കാൻ സാധ്യതമായത് എല്ലാം ചെയ്യാൻ അവർ ആഗ്രഹിക്കും.”
രോഹിതിൻ്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യ ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരയും ബോർഡർ ഗവാസ്‌കർ ട്രോഫിയും തോറ്റു. ശേഷം ഡബ്ല്യുടിസി ഫൈനലിലെത്താനുള്ള അവസരം ഇന്ത്യക്ക് നഷ്ടമായി. എന്നാൽ ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം, അടുത്ത സൈക്കിളിലേക്ക് ടീമിനെ നയിക്കാൻ പറ്റുന്ന ഒരു നായകനെയാണ് ബിസിസിഐ ആഗ്രഹിക്കുന്നത്.
2027ലെ ലോകകപ്പിൽ രോഹിത്തിന് നിലവിലെ സാഹചര്യത്തിൽ കളിക്കാൻ പറ്റില്ല എന്നാണ് ബിസിസിഐ നിലപാട്. അതിനാൽ തന്നെ രോഹിത് തന്റെ അവസാന ഐസിസി ട്രോഫി കളിക്കുമ്പോൾ കോഹ്‌ലി തുടരും എന്ന് ഉറപ്പാണ്.