ബാറ്റിംഗിലെ ക്ഷീണം ബോളിംഗില്‍ തീര്‍ത്ത് റൂട്ട്; ഇന്ത്യ 145 ന് പുറത്ത്

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ 145 റണ്‍സിന് ഓള്‍ഔട്ടായി. 8 റണ്‍സ് മാത്രം വഴങ്ങി 5 വിക്കറ്റ് വീഴ്ത്തിയ ജോ റൂട്ടാണ് ഇന്ത്യയെ ചുരുട്ടികെട്ടിയത്. ജാക്ക് ലീച്ച് നാല് വിക്കറ്റ് വീഴ്ത്തി റൂട്ടിന് മികച്ച പിന്തുണ നല്‍കി. ഇംഗ്ലണ്ടിന് ഒന്നാം ഇന്നിംഗ്‌സില്‍ 112 റണ്‍സിന് പുറത്താക്കിയ ഇന്ത്യയ്ക്ക് 33 റണ്‍സിന്റെ ലീഡ് പിടിക്കാനാണ് കഴിഞ്ഞത്.

96 പന്തുകളില്‍ നിന്നും 11 ബൗണ്ടറികളുടെ അകമ്പടിയോടെ 66 റണ്‍സ് നേടിയ രോഹിത് മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. നായകന്‍ വിരാട് കോഹ്‌ലി 27 റണ്‍സെടുത്തു. ഗില്‍ 11, പൂജാര 0, രഹാനെ 7, പന്ത് 1, സുന്ദര്‍ 0, അശ്വിന്‍ 17, പട്ടേല്‍ 0, ബുംറ 1, ഇഷാന്ത് ശര്‍മ്മ 10* എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

Image

6.2 ഓവറില്‍ എട്ട് റണ്‍സ് മാത്രം വഴങ്ങിയാണ് റൂട്ടിന്റെ 5 വിക്കറ്റ് നേട്ടം. 17 റണ്‍സിന്റെ ഇടവേളയില്‍ നാല് ഇന്ത്യന്‍ താരങ്ങളെയാണ് റൂട്ട് പറഞ്ഞയച്ചത്. പന്ത്, സുന്ദര്‍, പട്ടേല്‍, അശ്വിന്‍, ബുംറ എന്നിവരുടെ വിക്കറ്റുകളാണ് റൂട്ട് പിഴുതത്.

Image

ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 112 റണ്‍സിന് പുറത്തായിരുന്നു. അക്‌സര്‍ പട്ടേലാണ് ഇംഗ്ലണ്ടിന്റെ വിധി കുറിച്ചത്. 38 റണ്‍സ് മാത്രം വഴങ്ങി അക്‌സര്‍ 6 വിക്കറ്റെടുത്തു. അശ്വിന്‍ 3 വിക്കറ്റ് വീഴ്ത്തി.