നൂറാം ടെസ്റ്റ് ആഘോഷമാക്കി ഇഷാന്ത്; ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റ് നഷ്ടം

ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ ഡോം സിബ്ലിയുടെയും ജോണി ബെയര്‍സ്റ്റോയുടെയും വിക്കറ്റാണ് സന്ദര്‍ശകര്‍ക്ക് നഷ്ടമായത്. 100ാം അന്താരാഷ്ട്ര മത്സരം കളിക്കുന്ന ഇഷാന്ത് ശര്‍മ്മയ്ക്കാണ് ആദ്യ വിക്കറ്റ്.

മൂന്നാം ഓവറിലെ മൂന്നാം പന്തില്‍ ഇംഗ്ലണ്ട് സ്‌കോര്‍ രണ്ടില്‍ നില്‍ക്കെ അക്കൗണ്ട് തുറക്കാത്ത സിബ്ലിയെ ഇഷാന്ത് രോഹിത് ശര്‍മയുടെ കൈയിലെത്തിച്ചു. താരത്തിന്റെ 303ാമത്ത ടെസ്റ്റ് വിക്കറ്റാണിത്. സ്‌കോര്‍ ബോര്‍ഡ് 27 ല്‍ നില്‍ക്കെ അക്കൗണ്ട് തുറക്കാതെ നിന്ന ബെയര്‍സ്റ്റോയെ മടക്കി അക്‌സര്‍ പട്ടേല്‍ സന്ദര്‍ശകര്‍ക്ക് രണ്ടാമത്തെ പ്രഹരവും നല്‍കി.

ഇന്ത്യന്‍ ടീമില്‍ മുഹമ്മദ് സിറാജിന് പകരം ജസ്പ്രീത് ബുംറയും കുല്‍ദീപ് യാദവിന് പകരം വാഷിങ്ടണ്‍ സുന്ദറും ടീമിലിടം നേടി. ഇംഗ്ലണ്ട് ടീമില്‍ ജെയിംസ് ആന്‍ഡേഴ്സണ്‍, ജോഫ്ര ആര്‍ച്ചര്‍, ജോണി ബെയര്‍സ്റ്റോ, സാക്ക് ക്രൗളി എന്നിവര്‍ തിരിച്ചെത്തി.

Image

നിലവില്‍ നാല് മത്സരങ്ങടങ്ങിയ പരമ്പര 1-1നു സമനിലയിലാണ്. 2-1നോ 3-1നോ പരമ്പര ജയിച്ചാല്‍ മാത്രമേ ഇന്ത്യയ്ക്കു ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാനാകൂ. രണ്ടും ജയിച്ചാലേ ഇംഗ്ലണ്ടിനു സാദ്ധ്യതയുള്ളൂ. അതിനാല്‍ ഈ ടെസ്റ്റ് ഇരുകൂട്ടര്‍ക്കും ഏറെ നിര്‍ണായകമാണ്.