രണ്ടാം ദിനം ഇന്ത്യയ്ക്ക് ഏറെ നിര്‍ണായകം; ചെയ്യേണ്ടത് മൂന്ന് കാര്യങ്ങള്‍

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യ ചെയ്യേണ്ടതെല്ലാം ഭംഗിയായി പൂര്‍ത്തിയാക്കി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ജോ റൂട്ടിനെയും കൂട്ടരെയും ജസ്പ്രീത് ബുംറയുടെയും മുഹമ്മദ് ഷമിയുടെയും നേതൃത്വത്തിലെ ഇന്ത്യന്‍ പേസ് പട നിസാര സ്‌കോറിന് പുറത്താക്കി. പിന്നീട് ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും കെ.എല്‍. രാഹുലും അവസാന മണിക്കൂറുകളിലെ ക്ഷമയുള്ള ബാറ്റിംഗിലൂടെ ആദ്യ ദിനം ഇന്ത്യയുടേത് മാത്രമാക്കി മാറ്റുകയും ചെയ്തു. എന്നാല്‍ രണ്ടാം ദിനത്തിലെ കാര്യക്ഷമമായ പ്രകടനത്തിലൂടെ മാത്രമേ ഇംഗ്ലണ്ടിനുമേല്‍ ഇന്ത്യക്ക് പൂര്‍ണമായും പിടിമുറക്കാന്‍ സാധിക്കൂ. ഇന്നത്തെ കളിയില്‍ മൂന്ന് കാര്യങ്ങള്‍ പിഴവില്ലാതെ നിര്‍വഹിച്ചാല്‍ ഇംഗ്ലണ്ടിനെ കൂടുതല്‍ പിന്നോട്ടടിക്കാന്‍ ഇന്ത്യക്ക് സാധിക്കും.

  1. ലൂസ് ബോളുകളെ അതിര്‍ത്തി കടത്തുക

ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരെ സംബന്ധിച്ച് അതിവേഗം റണ്‍സ് സ്‌കോര്‍ ചെയ്യേണ്ട ദിവസമാണ് ഇത്. റണ്‍സ് കണ്ടെത്താന്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര ശ്രമിക്കണം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ടിം സൗത്തിയും ട്രെന്റ് ബൗള്‍ട്ടും കെയ്ല്‍ ജാമിസണും നീല്‍ വാഗ്‌നറും അടക്കമുള്ള ന്യൂസിലന്‍ഡ് പേസര്‍മാര്‍ക്ക് താളം നിലനിര്‍ത്താനും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്താനും സാധിച്ചിരുന്നു. ഇന്ത്യയുടെ മെല്ലപ്പോക്ക് നയമാണതിന് കാരണം. അത്ര അപകടകാരിയല്ലാത്ത കോളിന്‍ ഡെ ഗ്രാന്‍ഡ്ഹോമിനു പോലും ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ അമിത ബഹുമാനം നല്‍കി. സ്‌കോര്‍ബോര്‍ഡില്‍ കാര്യമായ ചലനം സൃഷ്ടിക്കാതെ ദീര്‍ഘമായ സമയമാണ് ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ ക്രീസില്‍ ചെലവിട്ടത്. ഇംഗ്ലണ്ടിനെതിരെ അതു സംഭവിക്കരുത്. ട്രെന്റ് ബ്രിഡ്ജില്‍ മെല്ലപ്പോക്ക് നയം സഹായകരമാകില്ലെന്ന് ഇംഗ്ലണ്ടിന്റെ ഡോം സിബ്ലിയുടെ ബാറ്റിംഗ് തെളിയിച്ചു. കളിക്കാന്‍ പ്രയാസമുള്ള 70 പന്തുകളെ അതിജീവിച്ച സിബ്ലി നിരുപദ്രവകരമായ പന്തില്‍ ഫ്ളിക്കിന് ശ്രമിച്ച് പുറത്തായി. രണ്ടു മണിക്കൂറിലേറെ ക്രീസില്‍ നിന്ന സിബ്ലി വെറും 18 റണ്‍സ് മാത്രമാണ് നേടിയത്. ബെയര്‍സ്റ്റോയേയും സാക് ക്രാവ് ലിയെയും പോലുള്ളവര്‍ നിലയുറപ്പിച്ചെന്ന് തോന്നിച്ചെങ്കിലും അധികം കളിക്കാതെ പവലിയനിലേക്ക് തിരിച്ചുകയറി. ബാറ്റിംഗിന് അത്ര അനുകൂലമല്ലാത്ത സാഹചര്യത്തില്‍ മോശം പന്തുകളെ ആക്രമിക്കുകയാണ് ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ ചെയ്യേണ്ടത്. ഇംഗ്ലണ്ടിന്റെ മൂന്നാം പേസറെയും നാലാം പേസറെയും ഇന്ത്യ അടിച്ചുകളിക്കണം. സ്‌കോറിംഗ് അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നത് മത്സരത്തില്‍ നിര്‍ണായകമാകും.

Image

 2. ക്രീസിലെ നങ്കുരമാകാന്‍ ഒരാള്‍

ഇന്ത്യയുടെ പ്രധാന ബാറ്റ്സ്മാന്‍മാരില്‍ ഒരാള്‍ രണ്ടാം ദിനം മുഴുവനും ക്രീസില്‍ പിടിച്ചുനില്‍ക്കണമെന്നതാണ് മറ്റൊരു കാര്യം. ജോ റൂട്ട് ഇംഗ്ലണ്ടിനായി ഏറെക്കുറെ ആ ദൗത്യം നിര്‍വഹിച്ചു. ഓപ്പണര്‍ രോഹിത് ശര്‍മ്മ ന്യൂബോളിനെ അതിജീവിച്ചശേഷം വിക്കറ്റ് വലിച്ചെറിയുകയാണ് പതിവ്. ഏറെനാളായി ടെസ്റ്റ് കളിക്കാതിരുന്ന രാഹുല്‍ ആദ്യ ദിനം അല്‍പ്പം സമ്മര്‍ദ്ദത്തിലായിരുന്നു. പുജാര 30 മാസമായി ഒരു സെഞ്ച്വറി നേടിയിട്ട്. വിരാടും റണ്‍സ് വരള്‍ച്ചയിലാണ്. അജിന്‍ക്യ രഹാനെ അസ്ഥിരതയുടെ പേരില്‍ പഴി കേള്‍ക്കുന്നു. അച്ചടക്കമില്ലാത്ത ഷോട്ടുകള്‍ കളിക്കാന്‍ സാധ്യതയുള്ള ഋഷഭ് പന്ത് ഇന്നിംഗ്സ് കെട്ടിപ്പടുക്കുന്ന റോള്‍ ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കാനുമാവില്ല. ഈ പ്രശ്നങ്ങളൊക്കെയുണ്ടെങ്കിലും മധ്യനിരയില്‍ ലോകോത്തര നിലവാരമുള്ള മാച്ച് വിന്നര്‍മാരുടെ അഭാവം ഇന്ത്യക്കില്ല. രോഹിത്, പുജാര, കോഹ്ലി, രഹാനെ എന്നിവരില്‍ ആരെങ്കിലുമൊരാള്‍ ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ ആധിപത്യം ഉറപ്പാക്കാന്‍ മുന്നിട്ടിറങ്ങണം.

Image

3. ഓപ്പണര്‍മാര്‍ കരുതല്‍ തുടരണം

Read more

ഒന്നാം ദിവസം ഇംഗ്ലണ്ടിന്റെ കരുത്തുറ്റ പേസ് ആക്രമണത്തെ ചെറുക്കാന്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ക്ക് സാധിച്ചു. രോഹിതും രാഹുലും കുറച്ച് ബൗണ്ടറികളേ നേടിയുള്ളു. എങ്കിലും പ്രതിരോധം തീര്‍ക്കാനും ബൗള്‍ഡ് ആകാതെ നോക്കാനും ഇരുവര്‍ക്കും കഴിഞ്ഞു. രണ്ടാം ദിനത്തിലും ഇതേ ശൈലി തന്നെയാണ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ തുടരേണ്ടത്. ടെസ്റ്റിന്റെ ആദ്യ സെഷനില്‍ ഇന്ത്യന്‍ പേസര്‍മാര്‍ക്ക് സ്വിംഗ് ലഭിക്കുന്നത് കണ്ടു. മേഘാവൃതമായ പ്രഭാതത്തില്‍ ട്രെന്റ് ബ്രിഡ്ജിലെ പിച്ച് സ്വിംഗും സീമും നല്‍കുന്നു. ആദ്യ മണിക്കൂറിലെ ഈ വെല്ലുവിളിയെ കുറിച്ച് വിരാടും സംഘവും ബോധവാന്‍മാരാകണം, പ്രത്യേകിച്ച് ജയിംസ് ആന്‍ഡേഴ്സനും സ്റ്റ്യുവര്‍ട്ട് ബ്രോഡും പന്തെറിയുമ്പോള്‍. ഇന്ത്യന്‍ ഓപ്പണര്‍മാര്‍ അധികം പരിക്കില്ലാത്തൊരു സഖ്യമുണ്ടാക്കിയാല്‍ മധ്യനിരയ്ക്ക് സമ്മര്‍ദ്ദ രഹിതമായി കളിക്കാനാവും. ന്യൂസിലന്‍ഡിന് ഉശിരന്‍ തുടക്കം ലഭിച്ച, ഇന്ത്യയെ അവര്‍ കടത്തിവെട്ടിയ, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഇപ്പോഴും ഓര്‍മ്മയിലുണ്ട്. കിവികളുടെ അതേ നയം തന്നെയാവണം ആദ്യ സെഷനില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ തുടരേണ്ടത്.