നടരാജന്‍ തുടങ്ങി, സ്മിത്ത് വീണു; പിടിമുറുക്കി ഇന്ത്യ

മൂന്നാം ഏകദിന മത്സരത്തില്‍ ഇന്ത്യ മുന്നോട്ടുവെച്ച 303 റണ്‍സിന്‍റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഓസീസിന് രണ്ട് വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ ലബുഷെയ്‌നിന്റെയും (7) സ്റ്റീവ് സ്മിത്തിന്റെയും (7) വിക്കറ്റാണ് ആതിഥേയര്‍ക്ക് നഷ്ടമായത്. രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റും കുറിച്ച് ടി.നടരാജനാണ് ഇന്ത്യയ്ക്കായി ആദ്യ വിക്കറ്റ് വീഴ്ത്തിയത്. ആറാം ഓവറിന്റെ ആദ്യ പന്തില്‍ ലബുഷെയ്‌നായിരുന്നു നടരാജന്റെ ഇര. പിന്നാലെ പരമ്പരയില്‍ മിന്നുംഫോമിലായിരുന്ന സ്മിത്തിനെ താക്കൂര്‍ രാഹുലിന്റെ കൈകളിലെത്തിച്ചു.

16 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഓസീസ് 74 റണ്‍സ് എടുത്തിട്ടുണ്ട്. 38 റണ്‍സുമായി നായകന്‍ ആരോണ്‍ ഫിഞ്ചും 14 റണ്‍സുമായി മോയ്‌സസ് ഹെന്റിക്വസുമാണ് ക്രീസില്‍. ബുംറയുടെ ബോളില്‍ ഫിഞ്ചിന്റെ അനായാസ ക്യാച്ച് സ്ലിപ്പില്‍ ധവാന്‍ കൈവിട്ടത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.

Image

നായകന്‍ വിരാട് കോഹ്‌ലിയുടെയും ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും രവീന്ദ്ര ജഡേജയുടെയും അര്‍ദ്ധ സെഞ്ച്വറികളാണ് ഇന്ത്യയ്ക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. 92 റണ്‍സ് നേടിയ പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 76 ബോള്‍ നേരിട്ട പാണ്ഡ്യ 1 സിക്‌സിന്റെയും 7 ഫോറിന്റെയും അകമ്പടിയില്‍ 92 റണ്‍സ് നേടി പുറത്താകാതെ നിന്നു.

152 ന് അഞ്ച് എന്ന നിലയില്‍ പതറിയ ഇന്ത്യയെ പാണ്ഡ്യ-ജഡേജ കൂട്ടുകെട്ടാണ് കരകേറ്റിയത്. ജഡേജ 50 ബോളില്‍ 3 സിക്‌സിന്റെയും 5 ഫോറിന്റെയും അകമ്പടിയില്‍ 66 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഇരുവരും ചേര്‍ന്ന് 150 റണ്‍സാണ് ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. കോഹ്‌ലി 78 ബോളില്‍ 63 റണ്‍സ് നേടി.

Image

ശിഖര്‍ ധവാന്‍ (16) ശുഭ്മാന്‍ ഗില്‍ (33) ശ്രേയസ് അയ്യര്‍(19) കെ.എല്‍ രാഹുല്‍ (5) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ഓസീസിനായി ആഷ്ടണ്‍ ഏഗര്‍ രണ്ട് വിക്കറ്റും സീന്‍ അബോട്ട്, ആദം സാംപ, ജോഷ് ഹേസല്‍വുഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.