കണക്കിന് പ്രഹരിച്ച് ഓസീസ് ബാറ്റിംഗ് നിര; ഇന്ത്യയ്ക്ക് മുന്നില്‍ റണ്‍മല

ഓസീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 390 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം. പ്രമുഖ താരങ്ങളെല്ലാം മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ നിശ്ചിത ഓവറില്‍ ഓസീസ് 4 വിക്കറ്റ് നഷ്ടത്തില്‍ 389 റണ്‍സ് അടിച്ചെടുത്തു. സ്റ്റീവ് സ്മിത്തിന്റെ സെഞ്ച്വറി മികവിലാണ് ഓസീസ് കൂറ്റന്‍ വിജയലക്ഷ്യം കുറിച്ചത്. 64 ബോള്‍ നേരിട്ട ഫിഞ്ച് 104 റണ്‍സെടുത്തു. രണ്ട് സിക്‌സും 14 ഫോറും അടങ്ങുന്നതായിരുന്നു സ്മിത്തിന്റെ പ്രകടനം. ആദ്യ ഏകദിനത്തിലും സ്മിത്ത് സെഞ്ച്വറി നേടിയിരുന്നു.

വാര്‍ണറും ഫിഞ്ചും ചേര്‍ന്ന് മികച്ച തുടക്കമാണ് ഓസീസിന് സമ്മാനിച്ചത്. ഓപ്പണിംഗ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 142 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. വാര്‍ണര്‍ 77 ബോളില്‍ 83 റണ്‍സും (3 സിക്‌സ് 7 ഫോര്‍) ഫിഞ്ച് 69 ബോളില്‍ 60 റണ്‍സും (1 സിക്‌സ് 6 ഫോര്‍) നേടി. മാര്‍നസ് ലബുഷെയ്ന്‍ 61 ബോളില്‍ 70 റണ്‍സ് നേടി.

Image

അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്ലെന്‍ മാക്‌സ്‌വെല്ലും ഇന്ത്യന്‍ ബോളര്‍മാരെ കണക്കിന് പ്രഹരിച്ചു. 29 ബോള്‍ നേരിട്ട മാക്‌സ്‌വെല്‍ 4 സിക്‌സിന്റെയും 4 ഫോറിന്റെയും അകമ്പടിയില്‍ 63 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി ഷമി, ബുംറ, പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

Image

ഇന്ത്യ ടീം: ശിഖര്‍ ധവാന്‍, മായങ്ക് അഗര്‍വാള്‍, വിരാട് കോഹ്‌ലി (നായകന്‍), ശ്രേയസ് അയ്യര്‍, കെ.എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, നവ്ദീപ് സൈനി, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, യുസ്വേന്ദ്ര ചഹല്‍

Image

ഓസ്ട്രേലിയ ടീം: ആരോണ്‍ ഫിഞ്ച് (നായകന്‍), ഡേവിഡ് വാര്‍ണര്‍, സ്റ്റീവന്‍ സ്മിത്ത്, മാര്‍നസ് ലബ്യുഷെയ്ന്‍, ഗ്ലെന്‍ മാക്സ്വെല്‍, മോയിസസ് ഹെന്റിക്ക്സ്, അലെക്സ് കാരി (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആദം സാംപ, ജോഷ് ഹേസല്‍വുഡ്.