ഓസീസ് ഓള്‍ഔട്ട്; തുടക്കം പാളി ഇന്ത്യ

ഇന്ത്യയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ 369 റണ്‍സിന് ഓള്‍ഔട്ട്. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഓസീസിന് 94 റണ്‍സ് കൂട്ടി ചേര്‍ക്കുന്നതിനിടെ അവശേഷിച്ച വിക്കറ്റുകളും നഷ്ടമായി.

ഓസീസ് നിരയില്‍ ക്യാപ്റ്റന്‍ ടിം പെയ്ന്‍ അര്‍ദ്ധ സെഞ്ച്വറി നേടി. 104 ബോളില്‍ 6 ഫോറുകളുടെ അകമ്പടിയില്‍ പെയ്ന്‍ 50 റണ്‍സ് നേടി. ഗ്രീന്‍ 47 റണ്‍സെടുത്തു. ലിയോണ്‍ 24 റണ്‍സെടുത്തപ്പോള്‍ മിച്ചെല്‍ സ്റ്റാര്‍ക്ക് 20 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

Imageഇന്ത്യയ്ക്കായി ടി.നടരാജനും ശാര്‍ദുല്‍ ഠാക്കൂറും വാഷിങ്ടണ്‍ സുന്ദറും മൂന്നുവിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ശേഷിച്ച വിക്കറ്റ് മുഹമ്മദ് സിറാജ് സ്വന്തമാക്കി. ഇന്നലെ മത്സരത്തിനിടെ പരിക്കേറ്റ നവ്ദീപ് സൈനി ഇന്ന് പന്തെറിഞ്ഞില്ല.

Image

മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 20 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സ് എന്ന നിലയിലാണ്. അജിങ്ക്യ രഹാനെ (0), ചേതേശ്വര്‍ പൂജാര (ആറ്) എന്നിവരാണ് ക്രീസില്‍. ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്‍ രോഹിത് ശര്‍മ്മ എന്നിവരാണ് പുറത്തായത്.

Image

15 പന്തില്‍ ഒരു ഫോര്‍ സഹിതം ഏഴു റണ്‍സെടുത്ത ഗില്ലിനെ പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ സ്റ്റീവ് സ്മിത്ത് ക്യാച്ചെടുത്ത് പുറത്താക്കി. കരുതലോടെ ബാറ്റേന്തിയ രോഹിത്തിനെ ലിയോണ്‍ സ്റ്റാക്കിന്റെ കൈകളിലെത്തിച്ചു.74 ബോള്‍ നേരിട്ട് രോഹിത് 44 റണ്‍സ് നേടി. ഓസീസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനേക്കാള്‍ 309 റണ്‍സ് പിന്നിലാണ് ഇന്ത്യ.