അവര്‍ തോറ്റു പോയത് രോഹിത് ശര്‍മ്മ എന്ന ഒറ്റയാള്‍ പട്ടാളത്തോടാണ്, എന്നാല്‍ അങ്ങനെ ഒരവസ്ഥ വന്നിരുന്നുവെങ്കില്‍ കളിയുടെ സ്വഭാവം മൊത്തം മാറുമായിരുന്നു!

നാഗ്പൂരിലെ വി.സി.എ സ്റ്റേഡിയത്തില്‍ കണ്ടത് ഓസ്‌ട്രേലിയന്‍ ടീമിന്റെ ഒടുങ്ങാത്ത പോരാട്ടവീര്യമാണ്. അവര്‍ തോറ്റുപോയത് രോഹിത് ശര്‍മ്മ എന്ന ഒറ്റയാള്‍ പട്ടാളത്തോടാണ്. 48 പന്തുകളില്‍ 91 റണ്ണുകള്‍ എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് അതിഗംഭീര തുടക്കമാണ് ലഭിച്ചത്. രോഹിതിന്റെ വില്ലോയില്‍നിന്ന് തുടര്‍ച്ചയായി ഷോട്ടുകള്‍ പ്രവഹിച്ചുകൊണ്ടിരുന്നു. ഇന്ത്യയ്ക്ക് നല്ല ബാറ്റിങ്ങ് ഡെപ്ത്തും ഉണ്ടായിരുന്നു. എന്നിട്ടും അവസാന ഓവര്‍ വരെ ഓസീസ് ടീം ചിത്രത്തിലുണ്ടായിരുന്നു.

കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തിയ ആരോണ്‍ ഫിഞ്ചും സംഘവും ഇന്ത്യയെ കുതറിയോടാന്‍ സമ്മതിച്ചില്ല. സ്ലോബോളുകളും കട്ടറുകളും നിരന്തരം എറിഞ്ഞ കംഗാരുക്കള്‍ നീലപ്പടയുടെ ദൗത്യം ദുഷ്‌കരമാക്കി. ഹാര്‍ദ്ദിക് പാണ്ഡ്യയുടെ വിക്കറ്റ് അതീവ നിര്‍ണായകമായ ഒരു നിമിഷമായിരുന്നു. അവസാനത്തെ ഓവറില്‍ പത്ത് റണ്‍സിനുമുകളില്‍ ഇന്ത്യ സ്‌കോര്‍ ചെയ്യേണ്ടിവരും എന്ന് തോന്നിച്ച സമയം. അങ്ങനെ ഒരവസ്ഥ വന്നിരുന്നുവെങ്കില്‍ കളിയുടെ സ്വഭാവം മൊത്തം മാറുമായിരുന്നു.

എന്നാല്‍ പാറ്റ് കമ്മിന്‍സ് എറിഞ്ഞ അവസാന പന്തിനെ രോഹിത് പോയന്റിലൂടെ ബൗണ്ടറിയിലേക്ക് തഴുകിവിട്ടു. അത്തരമൊരു സാഹചര്യത്തില്‍ സ്ലോഗ് ചെയ്യുന്നതിനു പകരം ടച്ച് ഷോട്ട് കളിക്കണമെങ്കില്‍ ബാറ്റര്‍ എത്രമാത്രം ‘കൂള്‍’ ആയിരിക്കണം! മഞ്ഞപ്പട തോറ്റുപോയത് ആ മനഃസ്സാന്നിദ്ധ്യത്തിനുമുമ്പിലാണ്. ബാക്കിയുള്ള ജോലി കാര്‍ത്തിക് ഭംഗിയായി ചെയ്തു.

അവസാന ഓവര്‍ എറിയാന്‍ ഡാനിയേല്‍ സാംസ് നിയോഗിക്കപ്പെട്ടതും രോഹിത് ഇഫക്റ്റ് ആയിരുന്നു. ജോഷ് ഹെയ്‌സല്‍വുഡിനെ ഫ്രണ്ട്ഫൂട്ടില്‍ പുള്‍ ചെയ്ത് സിക്‌സര്‍ അടിച്ച രോഹിത് ക്രീസില്‍ നില്‍ക്കുന്നുണ്ടായിരുന്നു. ആ നേരത്ത് തന്റെ പ്രീമിയം ബോളറെ മടക്കിവിളിക്കാന്‍ ഫിഞ്ചിന് ധൈര്യം ഇല്ലായിരുന്നു!

ആദം സാമ്പ എന്ന ചാമ്പ്യന്‍ ബോളര്‍ക്കെതിരെ രോഹിത് സിക്‌സര്‍ നേടിയത് ലോഫ്റ്റഡ് കവര്‍ഡ്രൈവ് കളിച്ചിട്ടാണ്. അതും ഒരു സ്റ്റേറ്റ്‌മെന്റാണ്. ഏറ്റവും നല്ല എതിരാളിയെ നേരിടാന്‍ ഏറ്റവും പ്രയാസമേറിയ ഷോട്ട്!

ക്രിക്കറ്റ് ഒരു മൈന്‍ഡ് ഗെയിം ആണ്. ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് ജയിക്കാനുള്ളത് മാനസിക യുദ്ധങ്ങളാണ്. രോഹിത് ആദ്യ ചുവട് വെച്ചുകഴിഞ്ഞു. ടീം അത് ഏറ്റെടുക്കട്ടെ!

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍