ഇന്ത്യന്‍ യുവനിരയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍; പാകിസ്ഥാന് ജയസാധ്യത

അണ്ടര്‍ 19 ഏഷ്യ കപ്പില്‍ ബദ്ധ വൈരികളായ പാകിസ്ഥാനെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49 ഓവറില്‍ 237 ഓള്‍ ഔട്ടായി. ടോസ് നേടിയ പാകിസ്ഥാന്‍ ഇന്ത്യയെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു.

തുടക്കത്തിലെ തകര്‍ച്ചയ്ക്കുശേഷമാണ് ഇന്ത്യ മാന്യമായ സ്‌കോറിലെത്തിയത്. അഞ്ച് വിക്കറ്റ് പിഴുത പാക് പേസര്‍ സീഷന്‍ സമീറാണ് ഇന്ത്യയെ പിടിച്ചുകെട്ടിയത്. ഓപ്പണര്‍ അംഗ്രിഷ് രഘുവംശി (0), ഷെയ്ഖ് റഷീദ് (6), ക്യാപ്റ്റന്‍ യാഷ് ധുല്‍ (0) എന്നിവരുടെ വിക്കറ്റുകള്‍ തുടക്കേത്തിലേ വീഴ്ത്തിയ സമീര്‍ പിന്നീട് രണ്ട് ഇന്ത്യന്‍ ബാറ്റര്‍മാരെ കൂടി മടക്കി.

46 റണ്‍സെടുത്ത ഹര്‍നൂര്‍ സിംഗ് ഇന്ത്യക്കായി ചെറുത്തുനിന്നു. നിശാന്ത് സിന്ധു (8)വും പരാജയപ്പെട്ടപ്പോള്‍ 29.2 ഓവറില്‍ അഞ്ചിന് 126 എന്ന നിലയിലേക്കുവീണു ഇന്ത്യ. പിന്നീട് ആരാധ്യ യാദവ് (50), രാജ്‌വര്‍ധന്‍ ഹംഗാര്‍ഗേക്കര്‍ (33), കുശാല്‍ താംബെ (31) രാജ ബാവ (25) എന്നിവരുടെ പ്രകടനം ഇന്ത്യയെ കരകയറ്റുകായിരുന്നു. പാക് യുവ നിരയ്ക്കായി അവെയ്സ് അലി രണ്ട് വിക്കറ്റ് പിഴുതു.