പന്ത് ക്യാച്ച് കളഞ്ഞാല്‍, ഗാലറി മഹീ..മഹീ... എന്ന് അലറി വിളിക്കും; യുവതാരത്തിന്റെ കഠിനപാത ഓര്‍ത്തെടുത്ത് ചഹല്‍

ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും പ്രതീക്ഷ നല്‍കുന്ന താരമാണ് ഋഷഭ് പന്ത്. വിക്കറ്റിന് മുന്നിലും പിന്നിലും ഇതിഹാസ താരം എം.എസ്. ധോണിയുടെ യഥാര്‍ത്ഥ പിന്‍ഗാമിയായാണ് ഋഷഭിനെ ആരാധകര്‍ കാണുന്നത്. ധോണിയുമായുള്ള താരതമ്യം കരിയറിന്റെ തുടക്കത്തില്‍ പന്തിനെ ഏറെ സമ്മര്‍ദ്ദത്തിലാക്കിയതായി ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹല്‍ ഓര്‍ത്തെടുക്കുന്നു.

ഋഷഭ് പന്ത് ധോണിയെപ്പോലെ ആകണമെന്ന് എല്ലാവരും ആഗ്രഹിച്ചു. എല്ലാവര്‍ക്കും സ്റ്റംപിന് പിന്നില്‍ ധോണിയെ വേണമായിരുന്നു. വിക്കറ്റ് കീപ്പ് ചെയ്യുന്ന ഋഷഭ് എപ്പോള്‍ ക്യാച്ച് കൈവിട്ടാലും ഡിആര്‍എസ് പിഴച്ചാലും ഗാലറി മഹീ.. മഹീ… എന്ന് അലറി വിൡിരുന്നതായി ഓര്‍ക്കുന്നു- ചഹല്‍ പറഞ്ഞു.

ധോണിയുമായുള്ള താരതമ്യം പന്തിനുമേല്‍ അമിത സമ്മര്‍ദ്ദമുണ്ടാക്കി. അപ്പോള്‍ പന്തിന് പത്തൊന്‍പതോ ഇരുപതോ വയസേയുണ്ടായിരുന്നുള്ളു. അതെല്ലാം മറന്ന് കളിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നമ്മള്‍ പന്തിനോട് പറഞ്ഞു. സമ്മര്‍ദ്ദം താങ്ങാനാവാതെ പന്ത് കുറച്ചുകാലം ടീമിന് പുറത്തായി.

എന്നാല്‍ പന്ത് ഉശിരന്‍ തിരിച്ചുവരവ് നടത്തി. കളിക്കാരന്‍ എന്ന നിലയില്‍ ഒരുപാട് മെച്ചപ്പെട്ടു. പക്വതയുള്ള താരമായി വളര്‍ന്നു. ഒരു കായികതാരം ഗ്രൗണ്ടില്‍ ഇറങ്ങുമ്പോള്‍ ഏറ്റവും നല്ല രീതിയില്‍ പ്രയത്‌നിക്കും. ആരും മോശം പ്രകടനം നടത്താന്‍ ആഗ്രഹിക്കില്ല. കളിക്കാരനോട് ആളുകള്‍ അല്‍പ്പം ബഹുമാനം കാട്ടണമെന്നും ചഹല്‍ കൂട്ടിച്ചേര്‍ത്തു.