ഒരോവറില്‍ അഞ്ച് പന്തായിരുന്നെങ്കില്‍ ഒരു പക്ഷേ ഇന്ത്യ സൃഷ്ടിച്ച ഏറ്റവും മികച്ച ബോളര്‍ അഗാര്‍ക്കര്‍ ആയിരുന്നേനേ

ജിതേഷ് മംഗലത്ത്

അജിത് അഗാര്‍ക്കറെക്കുറിച്ചാലോചിക്കുമ്പോഴൊക്കെ എനിക്ക് പണ്ടെപ്പോഴോ വായിച്ച ഒരു വാചകമാണ് ഓര്‍മ്മയില്‍ വരാറ്. ‘ഒരോവറില്‍ ആറ് പന്തെന്നുള്ളതിനു പകരം അഞ്ച് പന്താണെന്നായിരുന്നെങ്കില്‍ ഒരു പക്ഷേ ഇന്ത്യ സൃഷ്ടിച്ച ഏറ്റവും മികച്ച ബൗളര്‍ അഗാര്‍ക്കര്‍ ആയിരുന്നേനേ.’ ഒരൊറ്റ പന്തു കൊണ്ട് മികച്ച ഒരോവറിനെ സ്വയം നശിപ്പിക്കുന്ന മറ്റൊരു ബൗളര്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ ഉണ്ടായിട്ടുണ്ടാവില്ല. ഇത്രയധികം അവഹേളിക്കപ്പെട്ടിട്ടുള്ള ക്രിക്കറ്ററും വേറെയുണ്ടായിട്ടുണ്ടാവില്ല. തുടര്‍ച്ചയായ ഡക്കുകള്‍, ക്ലബ്ബ് ബൗളര്‍മാരെ പോലും നാണിപ്പിക്കുന്ന വിധത്തിലുള്ള ലൂസ് ഡെലിവറികള്‍.. അഗാര്‍ക്കര്‍ മിക്കവരുടെയും മനസ്സിലടയാളപ്പെടുന്നത് ഈ വിധത്തിലായിരിക്കും. എന്നാല്‍ ഒരു ഡൗണ്‍ അണ്ടര്‍ സായന്തനത്തില്‍ വിഖ്യാതമായ ഓസ്‌ട്രേലിയന്‍ ബാറ്റിംഗ് നിരയെ കീറിമുറിച്ച, ആ മത്സരത്തിന്റെ തന്നെ വിധി നിര്‍ണ്ണയിച്ച മാരകമായ ഒരു സ്‌പെല്‍ അവരുടെ ഓര്‍മ്മകള്‍ക്കുമപ്പുറത്തായിരിക്കും.

സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കും, ബ്രയാന്‍ ലാറക്കും അപ്രാപ്യമായ ലോര്‍ഡ്‌സിലെ അയാളുടെ സെഞ്ച്വറി അവര്‍ കണക്കിലെടുക്കാറേയുണ്ടാവില്ല. ഒരിന്ത്യന്‍ ബാറ്റ്‌സ്മാന്റെ ഏറ്റവും വേഗതയേറിയ അര്‍ധസെഞ്ച്വറിയും, ഏറ്റവും കുറച്ചു മത്സരങ്ങളില്‍ നിന്നും തികച്ച അമ്പത് വിക്കറ്റുകളും അവരുടെ അംഗീകാരസൂചികകളില്‍ നിന്നും പ്രകാശവര്‍ഷങ്ങള്‍ അകലെയായിരിക്കും. പക്ഷേ അജിത് ബാലചന്ദ്ര അഗാര്‍ക്കര്‍ ഇവയ്ക്കിടയിലേതോ ബിന്ദുവിലാണ് അടയാളപ്പെട്ടുകൊണ്ടിരിക്കുന്നത്.

Former India bowler Ajit Agarkar among applicants for selectors' posts

ഒരു തടസ്സവുമില്ലാതെ ഒഴുകുന്ന, അങ്ങേയറ്റം ലഘുവായ ബൗളിംഗ് ആക്ഷനുമായി അഗാര്‍ക്കര്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് അരീനയിലെത്തുന്നത് 1998 ലാണ്. തൊണ്ണൂറ്റിയാറിലെ ലോകകപ്പ് ദുസ്വപ്നങ്ങള്‍ക്കും, ടെന്‍ഡുല്‍ക്കറുടെ ക്യാപ്റ്റന്‍സി വിവാദങ്ങള്‍ക്കും ശേഷം അപ്പോഴേക്കും ഗാംഗുലി-ദ്രാവിഡ് ദ്വയം ചുവടുറപ്പിച്ചു തുടങ്ങിയിരുന്നു. ടെന്‍ഡുല്‍ക്കര്‍ അയാളുടെ കരിയറിലെ ഏറ്റവും വിനാശകാരിയായ ബാറ്റിംഗ് ഫോമിലെത്തിയിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് ക്രിക്കറ്റ് പണ്ഡിതന്‍മാര്‍ തിരിച്ചറിയുന്നതിനു മുന്‍പു തന്നെ അഗാര്‍ക്കര്‍ ഏകദിന കരിയറില്‍ 50 വിക്കറ്റുകള്‍ തികച്ചിരുന്നു ; അതും വെറും 23 മത്സരങ്ങളില്‍ നിന്ന്. അതിനു പുറമെ ലോവര്‍ ഓര്‍ഡറില്‍ ചില മത്സരങ്ങളിലെങ്കിലും അയാള്‍ തന്റെ ലോംഗ് ഹാന്‍ഡില്‍ ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്തിരുന്നു. ഒടുവില്‍ ഇന്ത്യ കപില്‍ ദേവിനൊരു പിന്‍ഗാമിയെ കണ്ടെത്തിയിരിക്കുന്നെന്ന് പലരും പ്രവചിച്ചു.

Ajit Agarkar applies for national selector's job, frontrunner for  chairman's post | Cricket News – India TV

50 ഓവര്‍ ഫോര്‍മാറ്റില്‍ കളിയുടെ ഏതു ഘട്ടത്തിലും വിക്കറ്റെടുക്കാന്‍ കഴിവുള്ള ബൗളര്‍ എന്ന നിലയിലാണ് കരിയറിന്റെ തുടക്കത്തില്‍ അഗാര്‍ക്കര്‍ വിലയിരുത്തപ്പെട്ടത്. സൗരവ് ഗാംഗുലി ഒരിക്കല്‍ അഭിപ്രായപ്പെട്ടതു പോലെ നിലയുറപ്പിച്ച ഒരു പാര്‍ട്ണര്‍ഷിപ്പിനെ പിരിക്കാന്‍ അയാള്‍ക്ക് ഒരു പ്രത്യേക കഴിവുണ്ടായിരുന്നു. വലം കൈയന്‍ ബാറ്റ്‌സ്മാന്‍മാരുടെ നേര്‍ക്ക് എറിഞ്ഞിരുന്ന ഇന്‍ സ്വിങ്ങറുകളായിരുന്നു അയാളുടെ ഏറ്റവും വിഷലിപ്തമായ ആയുധം.സാങ്കേതികത്തികവിന്റെ ഏറ്റവും വലിയ പ്രയോക്താക്കളിലൊരാളായ ജാക്വസ് കാലിസിനെ അക്ഷരാര്‍ത്ഥത്തില്‍ വെള്ളം കുടിപ്പിച്ച 2007 അയര്‍ലന്‍ഡ് ടൂറിലെ ആ ഷാര്‍പ്പ് ഇന്‍ സ്വിംഗറുകള്‍ അയാളുടെ കരിയറിനെ പിന്തുടര്‍ന്നിട്ടുള്ളവര്‍ ഒരിക്കലും മറക്കില്ല. ഒടുവില്‍ ഓഫ് സ്റ്റമ്പ് ലൈനില്‍ പിച്ച് ചെയ്ത് ഡിപ് ഇന്‍ സ്വിംഗിംഗ് ട്രാജക്ടറിയില്‍ കാലിസിന്റെ സോളിഡ് ഡിഫന്‍സിനെ കബളിപ്പിച്ച് മിഡില്‍ സ്റ്റമ്പ് തെറിപ്പിച്ച ഒരു പീച്ച് ഓഫ് എ ഡെലിവറിയും! അഗാര്‍ക്കര്‍ ആ ടൂര്‍ണ്ണമെന്റില്‍ അണ്‍പ്ലെയബിള്‍ ആയിരുന്നു.തൊട്ടടുത്ത ഇംഗ്ലീഷ് ടൂറില്‍ അയാള്‍ പക്ഷേ ഫോം ഔട്ടാവുകയും ചെയ്തു. ഈ സ്ഥിരതയില്ലായ്മയാണ് അഗാര്‍ക്കറുടെ കരിയറിനെ എക്കാലവും പിന്തുടര്‍ന്നുകൊണ്ടിരുന്നത്.

Kiwi pace attack, conditions will challenge India in WTC final: Ajit Agarkar  | Sports News,The Indian Express

ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ യഥാക്രമം 100, 150, 200, 250 വിക്കറ്റുകള്‍ തികച്ച ഇന്ത്യന്‍ ബൗളറും, ആ ക്ലബുകളിലെത്തുമ്പോള്‍ അഗാര്‍ക്കര്‍ തന്നെയായിരുന്നു. സച്ചിന്റെ സാന്‍ഡ് സ്റ്റോമിനാല്‍ വിഖ്യാതമായ 98 ലെ ഷാര്‍ജാ കപ്പില്‍ കിവീസിന്റെ ബാറ്റിംഗ് ലൈനപ്പിനെ ഛിന്നഭിന്നമാക്കിയ ഒരു അഗാര്‍ക്കര്‍ സ്‌പെല്‍ ഇപ്പോഴും ഓര്‍മ്മകളെ തീ പിടിപ്പിക്കാറുണ്ട്. നഥാന്‍ ആസിലിനെയും, ക്രിസ് കെയിന്‍സിനെയും നിരന്തരം ബീറ്റ് ചെയ്തു കൊണ്ടിരുന്ന അയാളുടെ പന്തുകള്‍ക്കു മുമ്പില്‍ അവരൊരു പൈഡ് പൈപ്പറിനാല്‍ മയക്കപ്പെട്ടവരായിരുന്നു. മാരകമെന്ന് വിശേഷിപ്പിക്കാവുന്ന പേസോ, സ്വിംഗോ ഇല്ലാത്ത ഒരിന്ത്യന്‍ പേസര്‍ക്ക് മുമ്പില്‍ എതിര്‍ ബാറ്റിംഗ് നിര ചൂളുന്നത് അതിനു മുമ്പോ അതിനു ശേഷമോ ഞാന്‍ കണ്ടിട്ടില്ല. അതിനു തുല്യമായിട്ടോ, ഒരു പക്ഷേ അതിലേറെയൊ മാരകമോ ആയ സ്‌പെല്ലായിരുന്നു 2003 ല്‍ അഡലെയ്ഡ് ഓവലില്‍ അയാള്‍ കാഴ്ച്ച വെച്ചത്.. അന്നയാളുടെ നിരുപദ്രവകരമെന്നു തോന്നിച്ച പന്തുകളാല്‍ കബളിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ റിക്കി പോണ്ടിംഗും, ജസ്റ്റിന്‍ ലാംഗറും, സൈമണ്‍ കാറ്റിച്ചും ഉള്‍പ്പെടുന്നു. ആ ഇന്നിംഗ്‌സില്‍ ആന്‍ഡി ബിക്കലിനെ ക്ലീന്‍ ബൗള്‍ പന്ത് ആ ടെസ്റ്റ് പരമ്പരയിലെത്തന്നെ ഏറ്റവും മികച്ച ഡെലിവറിയായി ഇയാന്‍ ബിഷപ്പ് വിലയിരുത്തുന്നുണ്ട്.

On this day in 2002: Ajit Agarkar scored a Test century at Lord's | Cricket  News - Times of India

അതിനിടക്ക് ബാറ്റിംഗിലും അയാള്‍ അവിടവിടെയായി മിന്നിത്തിളങ്ങുന്നുണ്ടായിരുന്നു. 2000ല്‍ സിംബാബ്വെക്കെതിരെ 26 പന്തില്‍ 67 റണ്‍സെടുത്ത അയാള്‍ 2002 ലെ വെസ്റ്റിന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ പിഞ്ച് ഹിറ്ററായിറങ്ങി 102 പന്തില്‍ നിന്നും 95 റണ്‍സെടുക്കുകയും ചെയ്തു. ആ ഇന്നിംഗ്‌സില്‍ മെര്‍വിന്‍ ധില്ലനെതിരെയുള്ള അഗാര്‍ക്കറുടെ ഒരു കവര്‍ ഡ്രൈവ് കണ്ട ഹര്‍ഷ ഭോഗ്‌ളേ, ഒരു ടോപ് ഓര്‍ഡര്‍ ബാറ്റ്‌സമാനെപ്പോലും അസൂയപ്പെടുത്തുന്ന ആ ടൈമിംഗിനെ വാഴ്ത്തുന്നുണ്ടായിരുന്നു. പക്ഷേ ബാറ്റിംഗിലും സ്ഥിരത നില നിര്‍ത്താന്‍ അയാള്‍ക്കു കഴിഞ്ഞിരുന്നില്ല. മാത്യു ഹൊഗ്ഗാര്‍ഡിന്റെയും, ആന്‍ഡ്രൂ ഫ്‌ലിന്റോഫിന്റെയും പേസിനു മുമ്പില്‍ ഭദ്രമായ ഡിഫന്‍സ് കാഴ്ച്ച വെക്കുമ്പോള്‍ തന്നെ ക്രെയ്ഗ് വൈറ്റിനെ പോലെയുള്ളവരുടെ മുമ്പില്‍ അയാള്‍ വിക്കറ്റ് അലക്ഷ്യമായി വലിച്ചെറിഞ്ഞു. ക്രിക്കറ്റിന്റെ മെക്കയില്‍, ഗെയിമിന്റെ ഏറ്റവും പ്യുര്‍ ഫോര്‍മാറ്റില്‍ കണ്ണഞ്ചിപ്പിക്കുന്ന സെഞ്ച്വറി നേടിയ അതേ മനുഷ്യന്‍ തന്നെ തുടര്‍ച്ചയായി ആറു തവണ പൂജ്യത്തിനു പുറത്തായി. അതെ, ഗ്രാഫിന്റെ രണ്ടറ്റങ്ങളിലായിരുന്നു അജിത് അഗാര്‍ക്കര്‍ ജീവിച്ചിരുന്നത്. 288 ഏകദിന വിക്കറ്റുകള്‍ വീഴ്ത്തിയിട്ടും, ഇന്ത്യ കണ്ട ഏറ്റവും മികച്ച ബൗളര്‍മാരായ ശ്രീനാഥിനേക്കാളും കുംബ്ലെയേക്കാളും മികച്ച ശരാശരിയുണ്ടായിട്ടും അഗാര്‍ക്കര്‍ ‘ മറ്റൊരു ബൗളര്‍ ‘ എന്ന രീതിയില്‍ മാത്രം വിലയിരുത്തപ്പെടുന്നത് അത്രമേല്‍ അനീതിയാകുമ്പോഴും അയാള്‍ക്ക് ആ ആറാം പന്തില്‍ പുലര്‍ത്താനാകാതെ പോയ നിയന്ത്രണത്തിന്റെ ബാക്കിപത്രം കൊണ്ടു മാത്രമാണ്.

Ajit Agarkar applies for national selector's job, front-runner for  chairman's post | Cricket News - Times of India

അഗാര്‍ക്കര്‍ എന്റെ യൗവനത്തില്‍ ഞാനേറ്റവും ആരാധിച്ചിരുന്ന ബൗളറാണ്. എവിടെയും എത്താതെ പോയിട്ടും, ചരിത്ര പുസ്തകങ്ങളിലെവിടെയും പ്രശംസിക്കപ്പെടാതെ പോകുമ്പോഴും എന്റെ ഓര്‍മ്മകള്‍ 2003 ലെ നിഴല്‍ വീണു തുടങ്ങിയ ആ അഡലെയ്ഡ് സായാഹ്നത്തിലെത്തും. അവിടെ അയാള്‍ നിശ്ചയിക്കുന്ന ട്യൂണിലും താളത്തിലും, ബാറ്റു വീശി പരാജിതരായി പോകുന്ന സ്റ്റീവ് വോയുടെ ആസ്‌ട്രേല്യന്‍ ബാറ്റ്‌സ്മാന്‍മാരെ കാണാം. ഓരോ വിക്കറ്റ് വീഴ്ച്ചക്കു ശേഷവും കുടുതല്‍ സംഹാരഭാവമാര്‍ജിക്കുന്ന ഒരു ബൗളിംഗ് വേരിയേഷനെക്കാണാം. മുയല്‍ച്ചെവികളുള്ള നിശ്ശബ്ദനായ ഒരു കൊലയാളിയെ കാണാം. അജിത് അഗാര്‍ക്കറെ കാണാം. അയാള്‍ ഒരു എനിഗ്മയാണ് ; അന്നും, എന്നും… ജന്മദിനാശംസകള്‍ അജിത് അഗാര്‍ക്കര്‍