ടെസ്റ്റില്‍ ഇന്ത്യ ഉണ്ടാക്കിയിട്ടുള്ള വിജയങ്ങളുടെ ക്രെഡിറ്റില്‍ ഒരു നല്ല പങ്കും ഈ താരത്തിന് അവകാശപ്പെട്ടതാണ്

ശ്രീലങ്കയ്ക്ക് എതിരേയുള്ള ആദ്യ ടെസ്റ്റ് മത്സരത്തിന് ഇന്ത്യന്‍ ടീം ഒരുങ്ങൂമ്പോള്‍ ഇന്ത്യ ഈ മത്സരം ജയിച്ചാല്‍ ക്രെഡിറ്റെല്ലാം ടീമിലെ ഈ താരം കൊണ്ടുപോകുമെന്ന് നായകന്‍ രോഹിത് ശര്‍മ്മ. ഇന്ത്യയുടെ മൂന്‍ നായകന്‍ വിരാട് കോഹ്ലി കരിയറിലെ 100 ാമത്തെ ടെസ്റ്റ്് കളിക്കാനിറങ്ങൂന്നത് ലക്ഷ്യം വെച്ചാണ് രോഹിതിന്റെ പ്രതികരണം. ശ്രീലങ്കയ്ക്ക് എതിരേയുള്ള ആദ്യ ടെസ്റ്റില്‍ ഇറങ്ങൂമ്പോള്‍ ഈ നേട്ടം കൈവരിച്ച എണ്ണപ്പെട്ട ഇന്ത്യന്‍ താരങ്ങളുടെ പട്ടികയിലേക്കാണ് കോഹ്ലിയും ചേരുന്നത്.

വിരാട് കോഹ്ലിയ്‌ക്കൊപ്പം രോഹിതിന്റെ കരിയറിലെയും നാഴികക്കല്ലാണ് ഈ മത്സരം. രോഹിതിന്റെ നായകത്വത്തിന് കീഴില്‍ ഇന്ത്യ ആദ്യമായി ടെസ്റ്റില്‍ കളിക്കാനിറങ്ങുന്ന മത്സരം കൂടിയാണ് ശ്രീലങ്കയ്ക്ക് എതിരേയുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം. ടെസ്റ്റ് ടീം എന്ന നിലയില്‍ ഇന്ത്യ മികച്ച നിലയിലാണ്. അതിന്റെ മുഴുവന്‍ ക്രെഡിറ്റും വിരാട് കോഹ്ലിയ്ക്കാണെന്നും അതില്‍ നിന്നാണ് താന്‍ ടീം ഏറ്റെടുത്തതെന്നും രോഹിത് ശര്‍മ്മ മത്സരത്തിന് മുമ്പുള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ കാലത്ത് ഇന്ത്യന്‍ ടീമിന്റെ ബാറ്റിംഗിന്റെ നട്ടെല്ലായിരുന്ന അജിങ്ക്യാ രഹാനേയും ചേതേശ്വര്‍ പൂജാരയും ഇല്ലാത്ത ആദ്യ ടെസ്റ്റ് മാച്ച് കൂടിയാണ് ഇത്. ഫോം മങ്ങിയതിനെ തുടര്‍ന്ന് ഇരുവരേയും ഇന്ത്യന്‍ ടീമില്‍ നിന്നും ഒഴിവാക്കിയിരിക്കുകയാണ്. ഇരുവരുടേയും അഭാവം നികത്തുന്നത് ചെറിയ കാര്യമല്ലെന്നും അവര്‍ ടീമിന് വേണ്ടി ചെയ്തിരുന്ന കാര്യങ്ങള്‍ വാക്കാല്‍ പറഞ്ഞു തീര്‍ക്കാന്‍ കഴിയില്ലെന്നും പറഞ്ഞു. ഇന്ത്യ ടെസ്റ്റില്‍ ഒന്നാമതായതില്‍ അവരുടെ സംഭാവനകള്‍ വലുതാണെന്നും പറഞ്ഞു.