'കോഹ്‌ലിയുടെ ടീമില്‍ ഞാനുണ്ടായിരുന്നെങ്കില്‍ ഇന്ത്യ മൂന്ന് ലോക കപ്പേലും നേടുമായിരുന്നു'; തുറന്നടിച്ച് ശ്രീശാന്ത്

വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമില്‍ താന്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യന്‍ ടീം മൂന്ന് തവണ ലോക കപ്പ് നേടുമായിരുന്നുവെന്ന് ഇന്ത്യന്‍ മുന്‍ പേസര്‍ എസ്. ശ്രീശാന്ത് പറഞ്ഞു. 2007 ലെ കന്നി ഐസിസി വേള്‍ഡ് ടി20 ഫൈനലില്‍ എംഎസ് ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തി കിരീടം ചൂടിയപ്പോള്‍ മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ മിസ്ബാ ഉള്‍ ഹഖിന്റെ അവിസ്മരണീയ ക്യാച്ച് കൈയിലൊതുക്കിയത് ശ്രീശാന്തായിരുന്നു.

ഞാന്‍ വിരാട് കോഹ്‌ലിയുടെ  ടീമിലുണ്ടായിരുന്നു എങ്കില്‍ 2015,2019,2021 വര്‍ഷങ്ങളില്‍ ഇന്ത്യ ലോക കപ്പ് നേടിയേനെ. താന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയ സഞ്ജു സാംസണും സച്ചിന്‍ ബേബിയും നന്നായാണ് മുന്‍പോട്ട് പോകുന്നത് എന്നും ശ്രീശാന്ത് പറഞ്ഞു. 2011ല്‍ സ്വന്തം തട്ടകത്തില്‍ ലോക കപ്പ് ട്രോഫി നേടിയ ഇന്ത്യന്‍ ടീമിലും ശ്രീശാന്ത് അംഗമായിരുന്നു.

കോഹ്ലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇതുവരെ ഐസിസി കിരീടത്തില്‍ മുത്തമിടാന്‍ ഇന്ത്യക്കായിട്ടില്ല. 2015ല്‍ ലോക കപ്പില്‍ ധോണിയാണ് ഇന്ത്യയെ നയിച്ചത്. 2019ല്‍ കോഹ്‌ലി നയിച്ചപ്പോഴും ഇന്ത്യയുടെ പോരാട്ടം സെമി ഫൈനലില്‍ അവസാനിച്ചിരുന്നു. 2015ലെ സെമിയില്‍ ഓസ്ട്രേലിയയോടും 2019ലെ സെമിയില്‍ ന്യൂസിലന്‍ഡിനോടുമാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്. ഇക്കഴിഞ്ഞ ടി20 ലോക കപ്പിലും കോഹ്‌ലിക്ക് കീഴില്‍ ഇന്ത്യ നിരാശപ്പെടുത്തി.

കഴിഞ്ഞ മാര്‍ച്ചിലാണ് ശ്രീശാന്ത് സജീവ ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2013ലെ ഐ.പി.എല്‍ വാതുവെപ്പ് വിവാദമാണ് ശ്രീശാന്തിന്റെ കരിയര്‍ തകര്‍ത്തത്. 2007ല്‍ ടി20 ലോക കപ്പ് നേടിയപ്പോഴും 2011-ല്‍ ഏകദിന ലോകകപ്പ് നേടിയപ്പോഴും ശ്രീ ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു. 2007 ലോക കപ്പ് വിജയം ഉറപ്പിച്ച പാക് താരം മിസ്ബാ ഉള്‍ ഹഖിന്റെ ക്യാച്ചെടുത്തതും ശ്രീശാന്തായിരുന്നു.

Read more

ഇന്ത്യയ്ക്കായി 27 ടെസ്റ്റുകളും 53 ഏകദിനങ്ങളും 10 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് ശ്രീശാന്ത്. ടെസ്റ്റില്‍ 85 വിക്കറ്റും, ഏകദിനത്തില്‍ 75 വിക്കറ്റും ടി20 യില്‍ ഏഴ് വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് കരിയറില്‍ 74 മത്സരങ്ങളില്‍നിന്ന് 213 വിക്കറ്റുകള്‍ സ്വന്തമാക്കി. 44 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 40 വിക്കറ്റും ശ്രീ വീഴ്ത്തിയിട്ടുണ്ട്.