ഇന്ത്യ-പാക് മത്സരം, അമ്പരപ്പിക്കുന്ന പ്രവചനവുമായി അക്തര്‍

ലണ്ടന്‍: ഏകദിന ലോകകപ്പില്‍ ക്രിക്കറ്റ് ലോകം മുഴുവന്‍ കാത്തിരിക്കുന്ന പോരാട്ടമാണ് ഇന്ത്യയും പാക്സ്ഥാനും തമ്മിലുളളത്. കളിക്കുപരി ഇരുരാജ്യങ്ങളും തമ്മിലെ രാഷ്ട്രീയ സങ്കര്‍ഷങ്ങള്‍ കൂടി ഭാഗഭാക്കാണ് ഈ മത്സരം. അതിനാല്‍ തന്നെ ഇരുടീമുകള്‍ക്കും ജയം അഭിമാന പ്രശ്‌നമാണ്.

നാളെയാണ് ലോകം കാത്തിരിക്കുന്ന ആ പോരാട്ടം നടക്കുന്നത്. എന്നാല്‍ മത്സരത്തില്‍ രസംകൊല്ലിയായി മഴ പെയ്‌തേക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഈ പ്രവചനം അടിവരയിടുകയാണ് പാക് പേസ് ബൗളിംഗ് ഇതിഹാസം ഷുഹൈബ് അക്തറും.

മത്സരം മഴയില്‍ ഒലിച്ച് പോകുമെന്ന് അക്തര്‍ പ്രവചിക്കുന്നു. ടോസിന് ശേഷം നീന്തി നീങ്ങുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടേയും പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദിന്റേയും ചിത്രവും താരം പങ്കുവെക്കുന്നു.

അക്തറിന്റെ പ്രവചനങ്ങളെ അങ്ങനങ്ങ് തള്ളിക്കളയാനും വയ്യ. ഇംഗ്ലണ്ട് -പാകിസ്ഥാന്‍ മത്സരത്തിലായിരുന്നു ആദ്യ പ്രവചനം.

പാകിസ്ഥാന്‍ ജയിക്കുമെന്ന് അക്തര്‍. ശക്തരായ ഇംഗ്ലണ്ടിനെ പാകിസ്താന്‍ 14 റണ്‍സിന് തോല്‍പ്പിക്കുകയും ചെയ്തു. രണ്ടാമത്തെ പ്രവചനം ഇന്ത്യ- ഓസ്‌ട്രേലിയ മത്സരത്തില്‍. ഇന്ത്യ ജയിക്കുമെന്ന് അക്തര്‍. 36 റണ്‍സിന് ഇന്ത്യ ജയിക്കുകയും ചെയ്തു.

എന്തായാലും അക്തറിന്റെ പുതിയ പ്രവചനം തെറ്റാകട്ടേയെന്ന് ഇന്ത്യയുടേയും പാകിസ്ഥാനേറേയും ആരാധകര്‍ ഒന്നുപോലെ ആഗ്രഹിക്കുകയാണ്.