പാക് മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം, വൈറലായി രോഹിത്തിന്റെ ഉത്തരം

ലോക കപ്പില്‍ പാകിസ്ഥാനെ തോല്‍പിച്ചതിന്റെ ആവേശം കെട്ടടങ്ങും മുമ്പേ ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ മുഴുവന്‍ ചിരിപ്പിച്ച് ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മ. മാന്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ട ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ പാക് മാധ്യമപ്രവര്‍ത്തകനോടാണ് രോഹിത്ത് കുറിയ്ക്കു കൊള്ളുന്ന മറുപടിയുമായി എത്തിയത്.

പാക് ബാറ്റ്‌സ്മാന്‍മാര്‍ക്ക് താങ്കള്‍ എന്ത് ഉപദേശമാണ് നല്‍കുക എന്നായിരുന്നു പാക് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. ഇതിന് രോഹിത് നല്‍കിയ മറുപടിയായിരുന്നു രസകരം. പാകിസ്ഥാന്‍ പരിശീലകനാവുകയാണെങ്കില്‍ തീര്‍ച്ചയായും ഞാന്‍ താങ്കളുടെ ചോദ്യത്തിന് മറുപടി പറയാം, അല്ലാതെ ഇപ്പോഴെന്ത് പറയാനാണ് എന്നായിരുന്നു രോഹിത്തിന്റെ മറുപടി.

രോഹിത്തിന്റെ മറുപടി കേട്ട് ചോദ്യം ചോദിച്ച പാക് മാധ്യമപ്രവര്‍ത്തകന്‍ അടക്കം പൊട്ടിച്ചിരിച്ചു. തന്റെ മകള്‍ ജീവതത്തില്‍ വന്നത് വലിയ ഭാഗ്യമായി കരുതുന്നുവെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.

പാകിസ്ഥാനെതിരെ നേടിയ സെഞ്ച്വറി ഏറെ പ്രാധാന്യമുളളതാണെന്നു പറഞ്ഞ രോഹിത്ത് എന്നാല്‍ അത് കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സാണെന്ന് പറയാനാകില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഏത് മത്സരത്തില്‍ സെഞ്ച്വറി നേടിയാലും നിങ്ങള്‍ ഇതേ ചോദ്യം ചോദിക്കുമെന്നും അതിനാല്‍ ഏതെങ്കിലും സെഞ്ചുറിയെ ഏറ്റവും മുകളില്‍ പ്രതിഷ്ഠിക്കുക അസാധ്യമാണെന്നും രോഹിത് പറഞ്ഞു.