ധവാന്റെ ‘പകരക്കാരന്‍’ ഇംഗ്ലണ്ടിലേക്ക് തിരിച്ചു, സസ്‌പെന്‍സ് പൊളിക്കാതെ ബി.സി.സി.ഐ

ലോക കപ്പ് പുരോഗമിക്കുന്നതിനിടെ തകര്‍പ്പന്‍ ഫോമിലുളള ഓപ്പണര്‍ ശിഖര്‍ ധവാന് പരിക്കേറ്റത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ് ഏല്‍പിച്ചിരിക്കുന്നത്. എന്നാല്‍ ധവാന്റെ പകരക്കാരനായി യുവതാരം റിഷഭ് പന്ത് ഇംഗ്ലണ്ടിലേക്ക് തിരിച്ചിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ധവാന്റെ പരിക്ക് ഒരാഴ്ചയ്ക്കകം ഭേദമായില്ലെങ്കില്‍ മാത്രമെ പകരക്കാരനായി പന്തിന്റെ പേര് ബിസിസിഐ പ്രഖ്യാപിക്കൂ. ഏതാനും മത്സരങ്ങള്‍ നഷ്ടമായാലും ധവാന് ടൂര്‍ണമെന്റില്‍ തുടര്‍ന്നും കളിക്കാനാവുമോ എന്നാണ് ടീം മാനേജ്‌മെന്റ് നോക്കുന്നത്. ഭേദമായില്ലെങ്കില്‍ മാത്രം പകരക്കാരനായി റിഷഭ് പന്തിന്റെ പേര് ഐസിസിയുടെ അനുമതിക്കായി നല്‍കിയാല്‍ മതിയെന്നാണ് ഇപ്പോഴത്തെ തീരുമാനം.

നാളെ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ശിഖര്‍ ധവാന്റെ അഭാവത്തില്‍ കെ എല്‍ രാഹുല്‍, രോഹിത് ശര്‍മക്കൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും.

നാലാം നമ്പറില്‍ ആരെ കളിപ്പിക്കണമെന്ന കാര്യത്തില്‍ ഇപ്പോഴും അന്തിമ തീരുമാനം എടുത്തിട്ടില്ല.വിജയ് ശങ്കറെയോ ദിനേശ് കാര്‍ത്തിക്കിനെയോ നാലാം നമ്പറില്‍ പരീക്ഷിക്കാനുള്ള സാധ്യതയാണ് കൂടുതല്‍. ഇരുവരെയും കളിപ്പിച്ചില്ലെങ്കില്‍ ധോണി നാലാം നമ്പറില്‍ ഇറങ്ങും. രവീന്ദ്ര ജഡേജയെ കൂടി ഉള്‍പ്പെടുത്തി അഞ്ച് ബൗളര്‍മാരുമായി കളിക്കുക എന്നതും ടീമിന് മുന്നിലുള്ള സാധ്യതയാണ്.