ചതിക്കപ്പെട്ടവനായി ഗെയ്ല്‍, അബദ്ധങ്ങളുടെ ഘോഷയാത്ര

നിലവാരം കുറഞ്ഞ അമ്പയറിംഗിന്റെ പേരില്‍ വിവാദമായിരിക്കുകയാണ് ഓസ്‌ട്രേലിയ-വെസ്റ്റിന്‍ഡീസ് ലോക കപ്പ് മത്സരം. ഫ്രീ ഹിറ്റായി ലഭിക്കേണ്ട പന്തിലായിരുന്നു വിന്‍ഡീസ് സൂപ്പര്‍ താരം ഗെയിലിന്റെ പുറത്താകല്‍. രണ്ട് തവണ പുറത്താകലിന്റെ വക്കില്‍ നിന്ന് ഡിആര്‍എസിലൂടെയാണ് ഗെയ്ല്‍ രക്ഷപ്പെട്ടത്.

മിച്ചല്‍ സ്റ്റാര്‍ക്കിന്റെ രണ്ടാം ഓവര്‍ സംഭവബഹുലമായിരുന്നു. ആദ്യം നാലാം പന്ത് ശബ്ദം കേട്ട് ക്യാച്ചെന്ന് ഉറപ്പിച്ചു. അമ്പയര്‍ ക്രിസ് ഗഫാനി. പക്ഷെ ഗെയ്ല്‍ റിവ്യൂ നല്‍കി. കേട്ട ശബ്ദം എന്താണെന്ന് എല്ലാവര്‍ക്കും മനസിലായത് അപ്പോഴാണ്. സ്റ്റമ്പിനെ ഉരസി പന്ത് കീപ്പറുടെ കൈകളിലെത്തിയതാണ്.

ബെയ്ല്‍ ഇളകാത്തത് കൊണ്ട് ഗെയ്ല്‍ രക്ഷപ്പെട്ടു. തൊട്ടടുത്ത പന്തിലും അമ്പയര്‍ ഗെയ്‌ലിന് ഔട്ട് വിളിച്ചു. ഗെയ്‌ലിന് ഉറപ്പുണ്ടായിരുന്നു. റിവ്യൂവും നല്‍കി. അടുത്ത ഓവറില്‍ പാറ്റ് കമ്മിന്‍സനെ അതിര്‍ത്തി കടത്തി ഫോമിലേക്ക് വരികയായിരുന്നു ഗെയ്ല്‍.

തൊട്ടടുത്ത ഓവറില്‍ സ്റ്റാര്‍ക്ക് തിരികെയെത്തി. നാലാം പന്തില്‍ വീണ്ടും ഇത്തവണ പക്ഷെ റിവ്യൂ രക്ഷിച്ചില്ല. ഗെയ്ല്‍ മടങ്ങി. പക്ഷെ പുറത്താകുന്നതിന് തൊട്ട് മുമ്പത്തെ സ്റ്റാര്‍ക്കിന്റെ പന്ത് ഓവര്‍ സ്റ്റെപ്പ് നോ ബോളായിരുന്നു. ഇത് അമ്പയര്‍ ക്രിസ് ഗഫാനി കണ്ടില്ല. ഫ്രീ ഹിറ്റായി കിട്ടേണ്ട പന്തില്‍ ഗെയ്ല്‍ പുറത്തും.

മത്സരത്തില്‍, അബദ്ധങ്ങളുടെ ഘോഷയാത്ര പിന്നെയും ഉണ്ടായി. ജേസണ്‍ ഹോള്‍ഡറെല്ലാം റിവ്യൂ ഉള്ളത് കൊണ്ട് മാത്രം പിടിച്ച് നിന്നു. തെറ്റുകളില്ലാതെ മത്സരം നടത്താനുള്ള സാങ്കേതിക മികവുണ്ടെന്ന് ഐസിസി അവകാശപ്പെടുമ്പോഴാണ് അമ്പര്‍മാരുടെ ഇത്തരം വലിയ അബദ്ധങ്ങള്‍.