ലോക കപ്പ് സന്നാഹം: വിന്‍ഡീസിനെ തൂത്തെറിഞ്ഞ് ഇന്ത്യ

അണ്ടര്‍ 19 ലോക കപ്പ് ക്രിക്കറ്റിനു മുന്നോടിയായുള്ള സന്നാഹത്തില്‍ ഇന്ത്യന്‍ ടീമിനും വിജയത്തുടക്കം. ആദ്യ സന്നാഹത്തില്‍ യഷ് ധൂല്‍ നയിച്ച ഇന്ത്യന്‍ യുവ നിര 108 റണ്‍സിന് വെസ്റ്റിന്‍ഡീസിനെ പരാജയപ്പെടുത്തി. ലോക കപ്പിന് ആതിഥേയത്വം വഹിക്കുന്നത് വിന്‍ഡീസാണ്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ആറു വിക്കറ്റിന് 278 റണ്‍സ് നേടി. നിഷാന്ത് സിന്ധു, ക്യാപ്റ്റന്‍ യഷ് ധൂല്‍ എന്നിവരുടെ അര്‍ദ്ധ സെഞ്ച്വറികളാണ് ഇന്ത്യയ്ക്കു കരുത്തായത്. 78 റണ്‍സോടെ നിഷാന്ത് ടീമിന്റെ ടോപ് സ്കോററായി മാറി. 76 ബോളില്‍ ഏഴു ബൗണ്ടറികളും മൂന്നു സിക്സുമുള്‍പ്പെട്ടതായിരുന്നു താത്തിന്റെ പ്രകടനം.

നായകന്‍ യഷ് 67 ബോളില്‍ താരം ആറു ബൗണ്ടറികളും രണ്ടു സിക്സും സഹിതം 52 റണ്‍സ് എടുത്തു. ആരാധ്യ യാദവ് (42), ഷെയ്ഖ് റഷീദ് (26), കൗശല്‍ താംബെ (21*), ദിനേഷ് റാണ (13) എന്നിങ്ങനെയാണ് മറ്റുള്‌ലവരുടെ പ്രകടനം. എട്ട് ബോളര്‍മാരെയാണ് ഇന്ത്യയ്‌ക്കെതിരെ മത്സരത്തില്‍ വിന്‍ഡീസ് പരീക്ഷിച്ചത്.

Read more

മറുപടി ബാറ്റിംഗില്‍ 43 ഓവറില്‍ വെറും 170 റണ്‍സിന് വിന്‍ഡീസ് ഓള്‍ഔട്ടായി ഓപ്പണര്‍ മാത്യു നന്ദുവിന്റെ (52) അര്‍ദ്ധ സെഞ്ച്വറിയാണ് വിന്‍ഡീസിന് ആശ്വസിക്കാനുള്ളത്. ജൊഹാന്‍ ലെയ്ന്‍ 33 റണ്‍സെടുത്തു. ഇന്ത്യയ്ക്കായി കൗശല്‍ താംബെയും മാനവ് പ്രകാശും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഗര്‍വ് സാങ്വാന്‍, അനീഷ്വര്‍ ഗൗതം എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതവും നേടി.