ആദ്യ ടെസ്റ്റില്‍ നിരാശനാക്കിയ കോഹ്ലിക്ക് മറ്റൊരു തിരിച്ചടി

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ആരാധകരെ നിരാശരാക്കുന്ന പ്രകടനം നടത്തിയ വിരാട് കോഹ്ലിക്ക് മറ്റൊരു തിരിച്ചടി കൂടി. ഐസിസിയുടെ ഏറ്റവം മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ കോഹ്ലി മൂന്നാം സ്ഥാനത്തായി. ആഷസ് പരമ്പരയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ 378 റണ്‍സെടുത്ത ജോ റൂട്ടാണ് കോഹ്ലിയെ മൂന്നാം സ്ഥാനത്തേക്ക് ഇറക്കിയത്. 880 പോയിന്റുള്ള കോഹ്ലിയേക്കാള്‍ ഒരു പോയിന്റ് കൂടുതലാണ് റൂട്ടിനുള്ളത്. അതേസമയം, ടെസ്റ്റ് ബാറ്റിങ്ങില്‍ ഏറ്റവും മുന്നില്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് കുതിപ്പ് തുടരുകയാണ്. 947 പോയിന്റാണ് സ്മിത്തിനുള്ളത്. ഒന്നാം സ്ഥാനത്തുള്ള ജോ റൂട്ടിനേക്കാള്‍ 67 പോയിന്റ് അധികം. ആഷസ് പരമ്പരയില്‍ ഏഴ് ഇന്നിങ്‌സുകളില്‍ നിന്നായി 687 പോയിന്റാണ് സ്മിത്ത് അടിച്ചു കൂട്ടിയിരുന്നത്.

അതേസമയം, ഇന്ത്യന്‍ ബോളര്‍ ഭുവനേശ്വര്‍ കുമാറിന് ടെസ്റ്റ് റാങ്കിങ്ങില്‍ കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്ഥാനത്തെത്തി. സൗത്താഫ്രിക്കയ്‌ക്കെതിരേ ന്യൂലാന്‍ഡില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റുകള്‍ സ്വന്തമാക്കിയാണ് ഭുവനേശ്വര്‍ റാങ്കിങ്ങില്‍ കുതിച്ചത്. 22ാം സ്ഥാനത്താണ് ഭുവനേശ്വര്‍ പോയിന്റ് പട്ടികയില്‍ എത്തിയത്. ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ ബോളര്‍ കഗിസൊ റബാഡയാണ് ബോളിങ്ങില്‍ ഒന്നാമത്. 888 പോയിന്റാണ് റബാഡയ്ക്കുള്ളത്.

ഇന്ത്യന്‍ സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജ, രവിചന്ദ്ര അശ്വിന്‍ എന്നിവര്‍ മൂന്ന്, നാല് സ്ഥാനങ്ങളില്‍ തുടരുന്നു. ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സണാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. അതേസമയം, ഓള്‍ റൗണ്ടര്‍മാരില്‍ ബംഗ്ലാദേശിന്റെ ഷാക്കിബ് അല്‍ ഹസന്‍ ഒന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്ത് ജഡേജയും അശ്വിന്‍ മൂന്നാമതുമാണ്.