ധോണിയ്ക്ക് താക്കീതുമായി ഐ.സി.സി

ലോക കപ്പിലെ ആദ്യ മത്സരത്തില്‍ ഗ്ലൗസില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ചിഹ്നവുമായി ഇറങ്ങിയ ധോണിയ്ക്ക് താക്കീതുമായി ഐസിസി. അടുത്ത മത്സരത്തില്‍ ആര്‍മി ചിഹ്നം ധരിക്കുന്നത് ധോണി ഒഴിവാക്കണമെന്ന് ഐസിസി ബിസിസിഐയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു.

ഐസിസിയുടെ സ്ട്രാറ്റജിക് കമ്യൂണിക്കേഷന്‍ ജനറല്‍ മാനേജര്‍ ക്ലെയര്‍ ഫര്‍ലോങ്ങാണ് ബിസിസിഐയോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

ലോക കപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരത്തിലാണ് ധോണി പാരാ സ്‌പെഷ്യല്‍ ഫോഴ്‌സിന്റെ ബലിദാന്‍ ബാഡ്ജ് പതിച്ച ഗ്ലൗസുമായായി കളത്തിലറങ്ങിയത്. ഇന്ത്യന്‍ സൈന്യത്തോടുളള ആദരസൂചകമായിട്ടായിരുന്നു ധോണി പ്രത്യേക ഗ്ലൗസ് അണിഞ്ഞത്.

ഐസിസി ടൂര്‍ണമെന്റുകളില്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങളിലും ഉപകരണങ്ങളിലും മതം, രാഷ്ട്രീയ, വര്‍ഗം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചിഹ്നങ്ങള്‍ക്ക് വിലക്കുണ്ട്. ഇതാണ് ധോണി ലംഘിച്ചത്. ഇതോടെയാണ് താക്കീതുമായി ഐസിസി രംഗത്തെത്തിയത്.