ശ്രേയസിനായി മുറവിളി, റിഷഭ് പന്തിന് പറയാനുളളത്

മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കാത്തതിനെ തുടര്‍ന്ന് തനിയ്‌ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞ് ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്ത്. അടുത്ത ആറ് മാസം മാത്രമല്ല ഇനി കളിക്കുന്ന എല്ലാ ക്രിക്കറ്റ് മത്സരങ്ങളും തനിയ്ക്ക് നിര്‍ണായകമാണെന്നാണ് പന്ത് വിശദീകരിക്കുന്നത്.

ധോണിയുടെ പിന്‍ഗാമിയായി ടീമിലെത്തിയ റിഷഭ് പന്തിന് വിന്‍ഡീസില്‍ കാര്യമായ പ്രകടനം കാഴ്ച്ച വെയ്ക്കാനായിരുന്നില്ല. ഇതിനെ തുടര്‍ന്ന് പന്തിനെ മാറ്റി ശ്രേയസ് അയ്യരെ പോലുളള യുവതാരങ്ങളെ കളിപ്പിക്കണമെന്ന് ആരാധകര്‍ മുറവിളി കൂട്ടുന്നതിനിടേയാണ് പന്ത് വിശദീകരണവുമായെത്തിയത്.

‘അടുത്ത ആറ് മാസത്തേത് മാത്രമല്ല എന്നെ സംബന്ധിച്ച് ഇനിയുളള എല്ലാ മത്സരങ്ങളും നിര്‍ണായകമാണ്. മാത്രമല്ല ഒരോ ദിവസവും എനിക്ക് പ്രാധാന്യമേറിയതാണ്. ക്രിക്കറ്ററെന്ന നിലയും വ്യക്തിയെന്ന നിലയിലും മുന്നേറാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതിനാല്‍ തന്നെ എല്ല കാര്യങ്ങളേയും പോസിറ്റീവായി കാണാനാണ് ഞാന്‍ ശ്രമിക്കുന്നത്’ പന്ത് പറഞ്ഞു.

‘വ്യക്തിയെന്ന നിലയില്‍ വലിയ സ്‌കോറുകള്‍ കണ്ടെത്താനാണ് ഞാനിഷ്ടപ്പെടുന്നത്. എന്നാല്‍ എല്ലാ സമയത്തും എനിക്ക് ലക്ഷ്യം നേടാന്‍ സാധിക്കുന്നില്ല. നിലയുറപ്പിക്കും മുമ്പ് തന്നെ ഞാന്‍ പുറത്താകുന്നു. അതിനാല്‍ തന്നെ ടീമിന്റെ വിജയത്തിനാവശ്യമായ പോസിറ്റീവ് ക്രിക്കറ്റ് കളിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്’ പന്ത് കൂട്ടിചേര്‍ത്തു.

വിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ പന്ത് നിരാശപ്പെടുത്തിയിരുന്നു. 35 പന്തില്‍ നേടിയത് വെറും 20 റണ്‍സ്. എന്നാല്‍ അഞ്ചാം നമ്പറിലെത്തിയ മലയാളി താരം ശ്രേയസ് അയ്യര്‍ 68 പന്തില്‍ 71 റണ്‍സുമായി മികച്ച ഇന്നിംഗ്സ് കാഴ്ചവെച്ചു. കോഹ്ലിക്കൊപ്പമുണ്ടാക്കിയ 125 റണ്‍സ് കൂട്ടുകെട്ട് മത്സരത്തില്‍ നിര്‍ണായകമാവുകയും ചെയ്തു. ഇതോടെ പന്തിനെ മാറ്റി ശ്രേയസിനെ നാലാം നമ്പറില്‍ ഇറക്കണമെന്ന് വാദിക്കുകയാണ് ആരാധകര്‍.

ഏകദിനത്തില്‍ ശ്രേയസിന്റെ ബാറ്റിംഗ് റെക്കോഡ് പന്തിനേക്കാള്‍ മികച്ചതാണ്. എട്ട് ഏകദിനങ്ങളില്‍ 46.83 ശരാശരിയില്‍ 281 റണ്‍സ് ശ്രേയസിനുണ്ട്. മൂന്ന് അര്‍ദ്ധ സെഞ്ചുറികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇതേസമയം 11 ഏകദിനങ്ങളില്‍ നിന്ന് ഒരു അര്‍ധ സെഞ്ചുറി പോലുമില്ലാതെ 25.44 ശരാശരിയില്‍ 229 റണ്‍സാണ് പന്തിന്റെ സമ്പാദ്യം. ശ്രേയസിനെ നാലാം നമ്പറില്‍ പരിഗണിക്കണമെന്ന് സുനില്‍ ഗാവസ്‌കറും കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്ന് ഗൗതം ഗംഭീറും ആവശ്യപ്പെട്ടിരുന്നു.