രോഹിത്തിന്റേയും കോഹ്ലിയുടേയും ബാറ്റ് മോഷ്ടിക്കപ്പെട്ടു, പിടിയിലായത് മറ്റൊരു ഇന്ത്യന്‍ താരം

ടീം ഇന്ത്യയിലെ ഒരു ‘കള്ളനെ’ പിടിച്ചിരിയ്ക്കുകയാണ് ക്രിക്കറ്റ് ലോകം. അത് മറ്റാരുമല്ല ഇന്ത്യന്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലാണ് ആ ‘കള്ളന്‍’. ചാഹല്‍ തന്നെയാണ് ആ കളവിന്റെ വിവരം വെളിപ്പെടുത്തിയത്. കപില്‍ ശര്‍മ്മയുടെ ചാറ്റ് ഷോയില്‍ കോഹ്ലിയുടേയും രോഹിത്തിന്‍റെയും ബാറ്റ് മോഷ്ടിയ്ക്കുന്നു എന്ന ആരോപണം സത്യമാണോ എന്നാണ് ചാഹല്‍ നേരിടേണ്ടി വന്ന ചോദ്യം.

എന്നാല്‍ അത് സത്യമാണെന്നായിരുന്നു ചാഹലിന്റെ മറുപടി. ഏറ്റവും ഭാരം കുറഞ്ഞ ബാറ്റ് ആരുടേതാണെങ്കിലും താനെടുക്കാറുണ്ടെന്നാണ് ചഹല്‍ വെളിപ്പെടുത്തിയത്.

‘അത് സത്യമാണ്. ബാറ്റിംഗ് കഴിവിന് അനുസരിച്ചാണ് കളിക്കാര്‍ക്കിടയിലേക്ക് ബാറ്റുകള്‍ നല്‍കുക. ഏറ്റവും ഭാരം കുറവുള്ള ബാറ്റ് ആരുടേതാണ് എന്നാണ് ഞാന്‍ നോക്കുക. ആ ഭാരം കുറഞ്ഞ ബാറ്റ് ഞാന്‍ എടുക്കും. ഇപ്പോള്‍ ടീം അംഗങ്ങള്‍ക്ക് അത് അറിയാം, ഭാരം കുറവാണ് എങ്കില്‍ അവരുടെ ബാറ്റ് ഞാന്‍ എടുക്കുമെന്ന്’, ചാഹല്‍ പറയുന്നു.

താന്‍ ഇന്ത്യന്‍ ടീമിലേക്ക് എങ്ങനെ എത്തപ്പെട്ടെന്നും ചാഹല്‍ വെളിപ്പെടുത്തി. കര്‍ഷക കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. പക്ഷേ അച്ഛനെ കൃഷിയില്‍ സഹായിക്കാറില്ലായിരുന്നു. ദിവസവും എട്ട് കിലോമീറ്ററോളം സൈക്കിള്‍ ചവിട്ടി പോയാണ് പരിശീലനം നടത്തിയത്. കുറച്ചു കഴിഞ്ഞപ്പോള്‍ കൃഷിയിടത്തില്‍ അച്ഛന്‍ ഒരു പിച്ച് ഉണ്ടാക്കി, വീട്ടില്‍ നില്‍ക്കുന്ന സമയവും പരിശീലനം നടത്താനായിരുന്നു അത്, ചാഹല്‍ പറഞ്ഞു.

ബാറ്റ്സ്മാനായിട്ടാണ് ചാഹല്‍ കരിയര്‍ തുടങ്ങുന്നത്. 2009-ല്‍, തന്റെ അവസാന അണ്ടര്‍ 19 സീസണില്‍ വിക്കറ്റ് വേട്ടയില്‍ ഒന്നാമതെത്തിയെന്ന് മാത്രമല്ല. 300 റണ്‍സും നേടിയിരുന്നു. ഹിമാചല്‍പ്രദേശിനെതിരെ നേടിയ 135 റണ്‍സും ഇതില്‍ ഉള്‍പ്പെടുത്തു. രണ്ട് സീസണുകളിലായി 64 വിക്കറ്റും, 600 റണ്‍സും ചഹല്‍ നേടുകയുണ്ടായി.