അവനോട് വിരമിക്കാന്‍ ഞാന്‍ പറഞ്ഞതാണ്, ഇപ്പോള്‍ നാണംകെടുന്നത് കണ്ടില്ലേ; തുറന്നടിച്ച് പാക് താരം

പാക് വെറ്ററന്‍ ഓള്‍റൗണ്ടര്‍ ശുഐബ് മാലികിനോട് താന്‍ നേരത്തെ തന്നെ വിരമിക്കാന്‍ ആവശ്യപ്പെട്ടിരുന്നു എന്ന് പാകിസ്ഥാന്‍ മുന്‍ താരം മുഹമ്മദ് ഹഫീസ്. മാലിക്കിനെ ഏഷ്യാ കപ്പിന് പിന്നാലെ ലോകകപ്പ് ടീമില്‍ നിന്നും തഴഞ്ഞതിന് പിന്നാലെയാണ് ഹഫീസിന്റെ പ്രതികരണം.

‘ഏകദേശം 21-22 വര്‍ഷക്കാലം മാലിക് തന്റെ ഏറ്റവും മികച്ച പ്രകടനം പാകിസ്ഥാന് നല്‍കി. അത്രയും കാലം നിങ്ങളുടെ ഫിറ്റ്‌നസ് നിലനിര്‍ത്തുന്നത് വലിയ കാര്യമാണ്.’

‘എന്നാല്‍ ഞാന്‍ വിരമിക്കുമ്പോള്‍, മാലിക്കിനോട് വിരമിക്കണമെന്ന് ഞാന്‍ പറഞ്ഞിരുന്നു. അല്ലെങ്കില്‍ അദ്ദേഹത്തിന് ബഹുമാനം ലഭിക്കില്ല എന്ന് എനിക്കറിയാമായിരുന്നു. അവസാനമായി ഒരു സ്റ്റേജ് ആകും അദ്ദേഗം ആഗ്രഹിക്കുന്നത്. പക്ഷേ ക്രിക്കറ്റ് ഇതുപോലെ ക്രൂരമാണ്’ ഹാഫിസ് പറഞ്ഞു.

ടി20 ലോകകപ്പിനുള്ള പാകിസ്ഥാന്റെ 15 അംഗ ടീമില്‍ ഷൊയ്ബ് മാലിക്കിനെ കൂടി ഉള്‍പ്പെടുത്തണമായിരുന്നെന്ന് മുന്‍ താരം ഷാഹിദ് അഫ്രീദിയും അഭിപ്രായപ്പെട്ടിരുന്നു. കാരണം അദ്ദേഹത്തിന്റെ സാന്നിധ്യം നായകന്‍ ബാബര്‍ അസമിന് കൂടുതല്‍ കരുത്താകുമായിരുന്നു എന്നാണ് അഫ്രീദി കണക്കുകൂട്ടുന്നത്.

‘അദ്ദേഹം ലോകമെമ്പാടും ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. എല്ലായിടത്തും മികച്ച പ്രകടനവും കാഴ്ചവച്ചിട്ടുണ്ട്. എല്ലാ ഫ്രാഞ്ചൈസികള്‍ക്കും അദ്ദേഹം ഒരു മികച്ച തിരഞ്ഞെടുപ്പാണ്. അദ്ദേഹം വളരെ ഫിറ്റാണ്. മാലിക് അവിടെ ഉണ്ടായിരുന്നെങ്കില്‍ ബാബര്‍ അസമിന് ശക്തമായയൊരു പിന്തുണ ലഭിക്കുമായിരുന്നു്’, സാമ ടിവിയില്‍ സംസാരിക്കവെ ഷാഹിദ് അഫ്രീദി പറഞ്ഞു.