'അവന്‍ നയിക്കാന്‍ വേണ്ടി ജനിച്ചവന്‍'; രോഹിത്തിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിയെ പ്രശംസിച്ച് ഇന്ത്യന്‍ മുന്‍ താരം റീതീന്ദര്‍ സിംഗ് സോധി. മൊഹാലിയില്‍ നടന്ന നായകനായുള്ള രോഹിത്തിന്റെ ആദ്യ ടെസ്റ്റ് മത്സരം ചൂണ്ടിക്കാട്ടിയുടെ സോധിയുടെ പ്രശംസ. മികച്ച ക്യാപ്റ്റന്‍സിയാണ് രോഹിത് കാഴ്ചവെച്ചതും അദ്ദേഹം നായകനാകാന്‍ സൃഷ്ടിപ്പെട്ടനവനാണെന്നാണ് താന്‍ കരുതുന്നതെന്നും സോധി പറഞ്ഞു.

‘നിങ്ങള്‍ രോഹിത് ശര്‍മ്മയെ ഒരുപാട് പ്രശംസിക്കേണ്ടിവരും, അവന്‍ മികച്ച ക്യാപ്റ്റന്‍സിയാണ് കാഴ്ചവെച്ചത്. ഇത് അദ്ദേഹത്തിന്റെ ആദ്യ ടെസ്റ്റ് മത്സരമായിരുന്നു. പക്ഷേ അതിന്റേതായ പോരായ്മകളൊന്നും രോഹിത് ശര്‍മ്മയില്‍ കണ്ടില്ല. അവനെ ക്യാപ്റ്റന്‍സിക്ക് വേണ്ടി സൃഷ്ടിച്ചതാണെന്ന് ഞാന്‍ കരുതുന്നു.’

‘അദ്ദേഹം വളരെയധികം മത്സരങ്ങള്‍ കളിച്ചിട്ടുള്ളയാളാണ്. ഇപ്പോള്‍ അവന്‍ മൂന്ന് ഫോര്‍മാറ്റുകളിലും ക്യാപ്റ്റനുമാണ്. മൂന്ന് ദിവസത്തിനുള്ളില്‍ അദ്ദേഹം ഇന്ത്യയെ ജയിപ്പിച്ചു. അവന്‍ കളിപ്പിച്ച ഇലവന്‍ മികച്ചതായിരുന്നു. ഒപ്പം അദ്ദേഹത്തിന്റെ ഫീല്‍ഡ് പ്ലെയ്സ്മെന്റുകളും ബോളിംഗ് മാറ്റങ്ങളും അതിശയിപ്പിക്കുന്നതായിരുന്നു. നല്ല ആത്മവിശ്വാസം വ്യക്തമായി അദ്ദേഹത്തില്‍ കാണാമായിരുന്നു’ സോധി പറഞ്ഞു.

മൊഹാലിയില്‍ നടന്ന ലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഒരു ഇന്നിംഗ്‌സിനും 222 റണ്‍സിനുമാണ് ഇന്ത്യ ജയിച്ചുകയറിയത്. രവീന്ദ്ര ജഡേയുടെ ഓള്‍റൗണ്ട് പ്രകടനമാണ് ഇന്ത്യന്‍ ജയം വേഗത്തിലാക്കിയത്. ഒന്നാം ഇന്നിംഗ്‌സില്‍ 175 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ജഡേജ രണ്ടിംന്നിംഗ്‌സുകളിലായി ഒന്‍പത് വിക്കറ്റും വീഴ്ത്തി.