നാണമില്ലേ നിങ്ങള്‍ക്ക്, പൊട്ടിത്തെറിച്ച് ധോണിയുടെ ഭാര്യ

കോവിഡ് 19 രാജ്യത്ത് പടരുന്ന പശ്ചാത്തലത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ താരം മഹേന്ദ്ര സിംഗ് ധോണി ഒരു ലക്ഷം രൂപ നല്‍കിയെന്ന റിപ്പോര്‍ട്ടിന് പിന്നാലെ വലിയ വിമര്‍ശനമാണ് മുന്‍ ഇന്ത്യന്‍ നായകന്‍ നേരിടുന്നത്. 800 കോടിയിലധികം ആസ്തിയുളള ധോണി ഒരു ലക്ഷം രൂപ മാത്രം സംഭാവന ചെയ്തുവെന്ന വാര്‍ത്തയാണ് ആരാധകരെ ചൊടിച്ചിപ്പച്ചത്.

എന്നാല്‍ ഇക്കാര്യത്തില്‍ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരേ ഭാര്യ സാക്ഷി ധോണി രംഗത്തെത്തിയിരിക്കുകയാണ്. മാധ്യമങ്ങള്‍ക്ക് നാണമില്ലേയെന്നും തെറ്റായ വാര്‍ത്ത പുറത്തുവിടുന്നത് അവസാനിപ്പിക്കണമെന്നും സാക്ഷി പറയുന്നു. തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് സാക്ഷിയുടെ പ്രതികരണം.

“ഇതു പോലെ നിര്‍ണായകമായ ഒരു സമയത്ത് ഇത്തരത്തില്‍ തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നത് നിര്‍ത്താന്‍ ഞാന്‍ എല്ലാ മാധ്യമ സ്ഥാപനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു. നാണമില്ലേ നിങ്ങള്‍ക്ക്. ഉത്തരവാദിത്വമുള്ള പത്രപ്രവര്‍ത്തനം അപ്രത്യക്ഷമായത് എന്നെ അത്ഭുതപ്പെടുത്തുന്നു”- സാക്ഷി കുറിച്ചു.

ക്രൗഡ് ഫണ്ടിങ് വെബ്‌സൈറ്റായ കീറ്റോ വഴി പുനെയിലെ സന്നദ്ധ സംഘടനയായ മുകുള്‍ മാധവന്‍ ഫൗണ്ടേഷന് ധോണി ഒരു ലക്ഷം രൂപ നല്‍കിയെന്നായിരുന്നു വാര്‍ത്ത. ധോണി ഒരു ലക്ഷം രൂപ നല്‍കിയെന്ന് മുകുള്‍ മാധവ് ഫൗണ്ടേഷന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിടുകയും ചെയ്തിരുന്നു. ഇതാകാം സാക്ഷിയുടെ പ്രതികരണത്തിലേക്ക് നയിച്ചതെന്നാണ് സൂചന.