അന്ന് അവനെ തകർക്കാൻ 15 തവണ അവസരം കിട്ടിയതാണ്, പക്ഷെ...; വമ്പൻ വെളിപ്പെടുത്തലുമായി രാഹുൽ ദ്രാവിഡ്

ഐസിസി ഇവൻ്റുകളിലെ നിർണായക മത്സരങ്ങളിൽ തങ്ങൾ പലപ്പോഴും കാലിടറി വീണപ്പോൾ അതിൽ ഭാഗ്യം വഹിച്ച പങ്കിനെക്കുറിച്ച് സംസാരിച്ച് മുൻ ടീം ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ്. ദ്രാവിഡിന് കീഴിൽ ഇന്ത്യ ടി 20 ലോകകപ്പ് വിജയമൊക്കെ സ്വന്തമാക്കിയെങ്കിലും 2023 ലോകകപ്പ് ഫൈനലിലും 2022 ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിലും ടീം തോൽവിയെറ്റ് വാങ്ങിയിരുന്നു.

2023-ൽ സ്വന്തം തട്ടകത്തിൽ നടന്ന ഏകദിന ലോകകപ്പിൽ രോഹിത് ശർമ്മയുടെ ടീം ഫൈനൽ വരെ ആധിപത്യം പുലർത്തി, തുടർച്ചയായി 10 മത്സരങ്ങൾ ജയിച്ച് ഫൈനലിലെത്തി. എന്നിരുന്നാലും, ഫൈനലിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ അവർ കളി മറന്നു. ആറ് വിക്കറ്റിന് ഇന്ത്യ ഫൈനലിൽ പരാജയം ഏറ്റുവാങ്ങുക ആയിരുന്നു.

മുംബൈയിൽ നടന്ന സിയറ്റ് ക്രിക്കറ്റ് അവാർഡ് ദാന ചടങ്ങിൽ സംസാരിക്കവെ, ആ കളിയിൽ തങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന ഭാഗ്യ ഘടകത്തിലേക്ക് ദ്രാവിഡ് ചൂണ്ടിക്കാട്ടി.

“എന്തായാലും ഞാൻ ഓർക്കുന്നു, ഞങ്ങൾ ട്രാവിസ് ഹെഡിൻ്റെ വിക്കറ്റ് എടുക്കാൻ ഏകദേശം 15 തവണ അടുത്തെത്തിയത് ആയിരുന്നു. അവൻ ഒരു പന്തിൽ പോലും തൊട്ടില്ല. നിങ്ങൾക്കറിയാമോ, കാര്യങ്ങൾ ചിലപ്പോൾ നിങ്ങളുടെ വഴിക്ക് പോകാം, പക്ഷേ നിങ്ങൾ പ്രക്രിയയിൽ ഉറച്ചുനിൽക്കണം. എല്ലാം ശരിയായി ചെയ്യുക എന്നതാണ് പ്രധാനം”ദ്രാവിഡ് പറഞ്ഞു.

അടുത്തിടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ലോകകപ്പ് ഫൈനൽ വിജയത്തിൽ ഇഞ്ചുകളുടെ കളി ഇന്ത്യക്ക് അനുകൂലമായത് എങ്ങനെയെന്നും അദ്ദേഹം പരാമർശിച്ചു.

“ചിലപ്പോൾ ദിവസാവസാനം, നിങ്ങൾക്ക് കുറച്ച് ഭാഗ്യം ആവശ്യമാണ്. ചിലപ്പോൾ (ഇത്) കഴിവാണ്. ഇഞ്ചുകൾ ആയിരിക്കും ഒരുപക്ഷേ നിങ്ങളെ രക്ഷിക്കുക”ദ്രാവിഡ് കൂട്ടിച്ചേർത്തു.

Read more

സൂര്യകുമാർ യാദവിൻ്റെ പേര് ദ്രാവിഡ് പരാമർശിച്ചില്ലെങ്കിലും, ദക്ഷിണാഫ്രിക്കയ്ക്ക് 6 പന്തിൽ 16 റൺസ് വേണ്ടിയിരിക്കെ ബൗണ്ടറി റോപ്പിൽ നിന്ന് ഉള്ള സൂര്യകുമാറിൻ്റെ ക്യാച്ചിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.