വില്യംസണ്‍ ഫൈനലില്‍ കളിക്കുമോ?; തുറന്നു പറഞ്ഞ് ടോം ലാഥം

പരിക്കേറ്റ കിവീസ് നായകന്‍ കെയിന്‍ വില്യംസണ്‍ ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കളിക്കാനുണ്ടാകുമോ എന്നാണ് ക്രിക്കറ്റ് പ്രേമികളുടെ ആശങ്ക. കൈമുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് താരത്തെ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ഡ നിന്ന് ഒഴിവാക്കിയിരുന്നു. പകരം ടോം ലാഥനാണ് കിവീസിനെ നയിക്കുന്നത്. ഇപ്പോഴിതാ വില്യംസണ്‍ ഫൈനലില്‍ കളിക്കുമോ എന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ലാഥം.

‘ഫൈനലില്‍ അദ്ദേഹം തിരിച്ചുവരുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇത് ഒരു മുന്‍കരുതല്‍ മാത്രമാണ്. അദ്ദേഹത്തിന്റെ സാന്നിധ്യം രണ്ടാം ടെസ്റ്റിലും ഞങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ, ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലാണ് ഞങ്ങളുടെ കൂടുതല്‍ ശ്രദ്ധ.’

‘അതിനാല്‍, ഫൈനല്‍ പോരാട്ടത്തിനായി പൂര്‍ണ്ണമായും ഫിറ്റാകാനുള്ള ഏറ്റവും മികച്ച അവസരമാണ് കെയിന് നല്‍കിയിരിക്കുന്നത്. ഈ മാറ്റി നിര്‍ത്തല്‍ വിശ്രമിക്കാനും ഫൈനലില്‍ ശക്തമായി തിരിച്ചുവരുവാനും വില്യംസണ് സഹായകരമാകും’ ലാഥം പറഞ്ഞു.

പരിക്ക് അത്ര ഗുരുതരമല്ലെങ്കിലും ഫൈനലിന് മുമ്പായി വില്യംസണ് വിശ്രമം ആവശ്യമാണ് എന്നതിനാലാണ് എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ നിന്ന് താരത്തെ ഒഴിവാക്കിയിരിക്കുന്നത്. ഇന്ത്യയ്‌ക്കെതിരായ ഫൈനലില്‍ വില്യംസണ്‍ ഉറപ്പായും ഉണ്ടാകും. ഈ മാസം 18 നാണ് ഇന്ത്യ ന്യൂസിലന്‍ഡ് ഫൈനല്‍ പോരാട്ടം.