അമ്പരപ്പിച്ച് ടീം ഇന്ത്യ, അവതരിപ്പിച്ചത് 'ഹിപ്‌നോസിസ്'

അണ്ടര്‍ 19 ലോകകപ്പില്‍ ഓസ്ട്രേലിയയെ എട്ടുവിക്കറ്റിനു തകര്‍ത്ത് കൗമാര ലോകകിരീടം ചൂടി ക്രിക്കറ്റ് ലോകത്തിന്റെ നെറുകയിലാണ് ഇന്ത്യയുടെ അണ്ടര്‍ 19 ടീം. ടൂര്‍മെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച ടീം ഫൈനലില്‍ ആധികാരികമായാണ് ഓസ്ട്രേലിയയെ തകര്‍ത്തുവിട്ടത്.

എന്നാല്‍, മത്സരശേഷം ഇന്ത്യയുടെ ഭാവിതാരങ്ങള്‍ വിജയം ആഘോഷിച്ച രീതിയാണ് ആരാധകരെ അമ്പരപ്പിച്ചത്. ഫിഫ 18 ഗെയിമില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട “ഹിപ്നോസിസ്” രീതിയിലാണ് ഇന്ത്യന്‍ താരങ്ങള്‍ വിജയം ആഘോഷിച്ചത്.

ഏതെങ്കിലും ഒരു കളിക്കാരന്‍ മാന്ത്രിക കഥകളില്‍ എന്നോണം കയ്യുയര്‍ത്തുമ്പോള്‍ മറ്റെല്ലാ കളിക്കാരും അയാള്‍ക്കും മുന്നില്‍ മയങ്ങിവീഴുന്നതാണ് “ഹിപ്നോസിസ്” ആഘോഷ രീതി. ഫിഫയുടെ ഫുട്‌ബോള്‍ ഗെയിമില്‍ വമ്പന്‍ പ്രചാരമുള്ള ആഘോഷരീതിയാണിത്. ക്യാപ്റ്റന്‍ പൃഥ്വി ഷായുടെ നേതൃത്വത്തിലാണ് കൗമാര ക്രിക്കറ്റിലെ പുതിയ ചാമ്പ്യന്മാര്‍ വന്യമായ ഈ ആഘോഷ രീതി ഗ്രൗണ്ടില്‍ പുനരവതരിപ്പിച്ചത്.

അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയെ എട്ട് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ നാലാം ലോകകിരീടം സ്വന്തമാക്കിയത്. ഓസ്ട്രേലിയ ഉയര്‍ത്തിയ 217 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ രണ്ട് വിക്കറ്റിന് മറികടക്കുകയായിരുന്നു. ഇന്ത്യയ്ക്കായി കല്‍റ തകര്‍പ്പന്‍ സെഞ്ച്വറി നേടി.

Read more

ഇന്ത്യയുടെ നാലാം കൗമാര ലോകകിരീടം ആണിത്. ഇതിനു മുന്‍പ് 2000,2008, 2012 വര്‍ഷങ്ങളിലും ഇന്ത്യ കിരീടം സ്വന്തമാക്കിയിരുന്നു.