കോഹ്ലിയും കൂട്ടരും പറയിപ്പിക്കരുത്, ടീം ഇന്ത്യയ്‌ക്കെതിരെ ആഞ്ഞടിച്ച് യുവരാജ്

ഹൈദരാബാദ്: വിന്‍ഡീസിനെതിരെ ആദ്യ ടി20യില്‍ ഇന്ത്യയുടെ ദയനീയ ഫീല്‍ഡിംഗ് പ്രകടനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗ്. ട്വിറ്ററിലൂടെയാണ് മോശം ഫീല്‍ഡിംഗിനെതിരെ യുവരാജിന്റെ വിമര്‍ശനം.

“മോശം ഫീല്‍ഡിംഗായിരുന്നു ടീം ഇന്ത്യ പുറത്തെടുത്തത്. പന്തിനോട് വൈകിയാണ് യുവതാരങ്ങള്‍ പ്രതികരിക്കുന്നത്. മത്സരങ്ങളുടെ ആധിക്യമാണോ കാരണം” യുവ്രാജ് ചോദിയ്ക്കുന്നു.

മത്സരത്തില്‍ നിരവധി ഫീല്‍ഡിം പിഴവുകളാണ് ടീം ഇന്ത്യ നടത്തിയത്. ഇതാണ് വെസ്റ്റിന്‍ഡീസിനെതിരെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. വെടിക്കെട്ട് വീരന്മാരായ ഷിമ്രോന്‍ ഹെറ്റ്മേയര്‍, കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരുടെ ക്യാച്ചുകള്‍ ഇന്ത്യന്‍ താരങ്ങള്‍ വിട്ടുകളഞ്ഞിരുന്നു. ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളായ നായകന്‍ വിരാട് കോഹ്ലി വരെ ഫീല്‍ഡിംഗില്‍ പിഴവ് വരുത്തി. ഉപനായകന്‍ രോഹിത് ശര്‍മ്മയുടെ കൈകളും ചോര്‍ന്നു.

ഇതോടെ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 20 ഓവറില്‍അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് അടിച്ചുകൂട്ടി. ഹെറ്റ്മേയര്‍ 41 പന്തില്‍ 56 റണ്‍സും പൊള്ളാര്‍ഡ് 19 പന്തില്‍ 37 റണ്‍സുമെടുത്തു. എന്നാല്‍ മറുപടി ബാറ്റിംഗില്‍ വിരാട് കോഹ്ലിയും കെ എല്‍ രാഹുലും നിറഞ്ഞാടിയപ്പോള്‍ ഇന്ത്യ ആറ് വിക്കറ്റിന്റെ ജയം സ്വന്തമാക്കി. കോഹ്ലി 50 പന്തില്‍ പുറത്താകാതെ 94 റണ്‍സും രാഹുല്‍ 40 പന്തില്‍ 62 റണ്‍സുമെടുത്തു.